പാലോട്: ശബരിമല കർമ്മസമിതി പ്രവർത്തകനെ രാത്രി വീട് വളഞ്ഞ് പിടികൂടുകയും മാതാപിതാക്കളെയും ഭാര്യയെയും പൊലീസുകാർ മർദ്ദിക്കുകയും ചെയ്‌തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിനാണ് ചുമതല. ആർ.എസ്.എസ് പ്രവർത്തകൻ പാലോട് ചല്ലിമുക്ക് സ്വദേശി സജീവിനെയാണ് കഴിഞ്ഞദിവസം രാത്രി 11 ഓടെ പാലോട് സി.ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റുചെയ്‌തത്. സി.ഐയുടെ സാന്നിദ്ധ്യത്തിൽ സജീവിന്റെ മാതാവ് ഓമനയെയും ഭാര്യ അനുജയെയും പൊലീസുകാർ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. വലതുകൈയ്ക്ക് പൊട്ടലേറ്റ ഓമന പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സജീവിനെ വിലങ്ങുവച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ജീപ്പിലാണ് അമ്മയെയും ഭാര്യയെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചതെന്നും അടുക്കള വാതിൽ തകർത്ത് വീട്ടിൽ കയറിയ പൊലീസ് സംഘത്തിൽ വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും ഓമന റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംസ്ഥാന സമിതിയംഗം പ്രസാദ് ബാബുവിന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെയും നേതൃത്വത്തിൽ റൂറൽ എസ്.പിക്ക് നിവേദനം നൽകി. ആർ.എസ്.എസ് നേതാക്കളായ കൃഷ്ണകുമാർ, രമേശ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നൽകുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു.