ആറ്റിങ്ങൽ : ദേശീയപാത വികസനത്തിന്റെ ഭാഗമായി കടകൾ പൊളിച്ചുമാറ്റുന്നത് മൂന്നാം ദിവസവും തുടർന്നു. ഇന്നലെ സി.എസ്.ഐ ആശുപത്രിക്കു സമീപത്തു നിന്നു ആരoഭിച്ച ഒഴിപ്പിക്കൽ ഐ.ടി.ഐക്ക് സമീപം വരെയാണ് നടന്നത്. മാമം മൂന്നുമുക്ക് മുതൽ പൂവമ്പാറ പാലം വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് പാത നാലുവരിയാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായാണ് പുറമ്പോക്കും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന വസ്തുക്കളും ഏറ്റെടുക്കുന്ന പ്രവൃത്തികൾ നടക്കുന്നത്. ദേശീയപാതയോരത്തെ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ വസ്തു ഏറ്റെടുക്കൽ ഇപ്പോഴും ആശങ്കയിലാണ്. സ്ഥലം വിട്ടു നൽകാൻ പണം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇത് സൗജന്യമായി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. കടയുടമകൾ സ്ഥാപനത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും റോഡിലേക്ക് തള്ളിയിരുന്ന ഭാഗങ്ങളും പുറമ്പോക്ക് ഭാഗത്തുള്ളവയും സ്വയം പൊളിച്ച് നീക്കി. എം.എൽ.എയും നഗരസഭ ചെയർമാൻ എം. പ്രദീപും റവന്യൂ അധികൃതരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.