manvila-factory

തിരുവനന്തപുരം:മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് രണ്ട് തൊഴിലാളികൾ മനഃപൂർവം തീവച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.ശമ്പളം വെട്ടിക്കുറച്ചതിന്റെ പ്രതികാരമായാണ് തീ വച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിറയിൻകീഴ് പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂർ വീട്ടിൽ വിമൽ എം.നായർ (19), കഴക്കൂട്ടം കാര്യവട്ടം വിയാറ്റ് ദേവി ക്ഷേത്രത്തിന് സമീപം സരസ്വതി ഭവനിൽ ബിനു (39) എന്നിവരാണ് അറസ്റ്റിലായത്.വിമലാണ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയത്.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇവരെ ഇന്നലെ കമ്പനിയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

തീവയ്‌പിനു ശേഷം മാനസിക അസ്വാസ്ഥ്യമുണ്ടായ ഇവരിലൊരാൾ സുഹൃത്തിനോട് സംഭവം വെളിപ്പെടുത്തിയതാണ് ഇവരെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വിമൽ ഒരു വർഷമായും ബിനു ആറ് മാസമായും സ്റ്റോറിൽ ജീവനക്കാരാണ്. വിമൽ അടക്കമുള്ള ഏഴു ജീവനക്കാരുടെ ശമ്പളം വെട്ടി കുറച്ചിരുന്നു. അതിന്റെ പ്രതികാരമായിട്ടാണ് ബിനുവിനെയും കൂട്ടി താൻ തീ കൊളുത്തിയതെന്ന് വിമൽ വെളിപ്പെടുത്തിയതായി കഴക്കൂട്ടം അസി.പൊലീസ് കമ്മിഷണർ അനിൽ കുമാർ പറഞ്ഞു. മൺവിളയിലെ ഒരു കടയിൽ നിന്നാണ് ലൈറ്റർ വാങ്ങിയത്. മറ്റാർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സഹജീവനക്കാരുടെ മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും ഇരുവരുടെയും ഫോൺ സംഭാഷണങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്‌തത്.ഇവരുടെ മൊബൈലുകൾ സൈബർ സെല്ലിന് കൈമാറി.

ഇവർ നേരത്തേ രണ്ട് തവണ തീവച്ചെങ്കിലും ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമാവും എന്ന് കരുതി സെക്യൂരിറ്റിക്കാരും ജീവനക്കാരും കെടുത്തുകയായിരുന്നു.

തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്ന് അഗ്നിശമനസേന നേരത്തേ കണ്ടെത്തിയിരുന്നു.അന്ന് വൈകിട്ട് ആറുമണിക്കുള്ള സി.സി. ടി.വി ദൃശ്യങ്ങളിൽ ചിലർ സംശയകരമായി നീങ്ങുന്നതു കണ്ടതായി സേനയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഒരാൾ മറ്റൊരാളുടെ കൈപിടിച്ചു വലിച്ചു കൊണ്ടുപോകുന്നതായും ഒരാൾ കാമറയിലേക്ക് നോക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം കമ്പനിയിലെ നാല് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തു വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാൽ വിട്ടയയ്ക്കുകയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് കത്തിച്ചു

ഹാജർ കുറവായതിനാലും ജോലിക്ക് സ്ഥിരമായി വൈകി എത്തുന്നതിനാലും മുൻ മാസങ്ങളിൽ ഇവരുടെ ശമ്പളം കുറച്ചിരുന്നു. ഇതാണ് കമ്പനിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. സംഭവദിവസം പുലർച്ചെ ഏഴ് മുതൽ വൈകിട്ട് വരെ പ്രതികൾ ജോലിയിലുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇരുവരും അടുത്ത ഡ്യൂട്ടിക്കുള്ള ജീവനക്കാർ എത്തുന്നതിനു മുമ്പ് മൂന്നുനില കെട്ടിടത്തിലെ സ്റ്റോർ റൂമിന് സമീപം പാക്കിംഗിന് ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു.

തേടുന്നത് 20കോടി ഇൻഷ്വറൻസ്

ശമ്പളം വെട്ടിക്കുറച്ചതാണ് തീ വെയ്ക്കാൻ കാരണമെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ ശമ്പളം കൂട്ടണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ചെറിയ കാലയളവിൽ മാത്രം ജോലി ചെയ്‌ത ഇവർ വേതനം കൂട്ടാൻ ഇത്രയും വലിയ കമ്പനിക്ക് തീ വയ്ക്കുമോ എന്നതിലാണ് ദുരൂഹത. 40 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കമ്പനി സി.ഇ.ഒ സിൻസൻ ഫെർണാണ്ടസ് പറഞ്ഞത്. 20 കോടി രൂപയ്ക്കാണ് ഇൻഷ്വർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.