തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ എൻ.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടർന്ന് കരയോഗങ്ങളുടെ ആസ്ഥാനമന്ദിരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കാൻ സി.പി.എം പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെയേ ഇങ്ങനെ അക്രമികൾ അഴിഞ്ഞാടൂ. തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന പ്രവൃത്തിയാണ് മുഖ്യമന്ത്രിയും സഖാക്കളും ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള സമരത്തിൽ എൻ.എസ്.എസ് ഒറ്റയ്ക്കല്ലെന്നത് മുഖ്യമന്ത്രിക്കും അറിവുള്ളതാണ്. കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യാൻ ഇടതുമുന്നണി സർക്കാർ ശ്രമിക്കരുത്.
സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ കൈയും കെട്ടി നോക്കി നില്ക്കുന്ന പൊലീസ് ആയിരക്കണക്കിന് അയ്യപ്പഭക്തരെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി അറസ്റ്റ് ചെയ്ത് കള്ളക്കേസുകളിൽ
കുടുക്കിയത്. നാമം ജപിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം. നെയ്യാറ്റിൻകരയിൽ നടന്ന ഹീനമായ കൊലപാതകത്തിൽ കുറ്റവാളിയായ ഡി.വൈ.എസ്.പി ഒളിവിൽ പോയത് ഉന്നതരുടെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.