haridas

ലണ്ടൻ: യു.കെയിലെ വിദേശ ഇന്ത്യക്കാർക്ക് സഹായ ഹസ്തമായിരുന്ന മലയാളി ടി. ഹരിദാസ് 46 വർഷത്തെ സേവനത്തിനു ശേഷം ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പദവിയിൽ നിന്ന് വിരമിക്കുന്നു.

ഹൈക്കമ്മിഷനിലെ സൗമ്യമുഖമായിരുന്ന ഹരിദാസ് പ്രവാസികളുടെ ആവശ്യങ്ങൾക്ക് അത്താണിയായിരുന്നു. നിരവധിപേരാണ് ഇദ്ദേഹത്തിന്റെ നിയമപരമായ സഹായങ്ങളിലൂടെ ദുർഘടസന്ധികൾ തരണം ചെയ്‌തത്. അടിയന്തര ആവശ്യങ്ങളിൽ പ്രവാസികൾക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒാഫീസറെയാണ് നഷ്ടമാകുന്നത്.

മറ്റു വഴികളിലൂടെ നോക്കി പരാജയപ്പെട്ട, നിയമാനുസൃതം കിട്ടേണ്ട ഏതു സംഗതി ആയാലും ഒരു ഫോൺകാളിലൂടെ പരിഹരിക്കാനാകുമായിരുന്നു. ലണ്ടനിലെ നിരവധി റെസ്റ്റോറന്റുകൾക്കും ഉടമയായ ഹരിദാസിന്റെ സഹായങ്ങൾ നിസ്വാർത്ഥമായിരുന്നു.

18 ഹൈക്കമ്മിഷണർമാരുടെയും 14 ഡെപ്യൂട്ടി ഹൈക്കമ്മിഷണർമാരുടെയും കീഴിൽ പ്രവർത്തിച്ച ഹരിദാസ് കേരള ടൂറിസം പ്രൊമോട്ട് ചെയ്യാനും മുന്നിലുണ്ടായിരുന്നു. ഇന്ത്യൻ ഹൈക്കമ്മിഷൻ മുഖാന്തരവും തന്റെ റെസ്റ്റോറന്റുകൾ വഴിയും ടൂറിസത്തിന് പ്രോത്സാഹനം നൽകി. ലണ്ടനിലെ പ്രസിദ്ധമായ ലോഡ് മേയെസ് ഷോവിൽ കേരളത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചു. ലണ്ടനിലെ ദീപാവലി ഫെസ്റ്റിവലിൽ കഥകളിയും ഭരതനാട്യവും അവതരിപ്പിച്ചു.

തൃശൂർ സ്വദേശിയായ ഹരിദാസ് ഇപ്പോൾ ലോക കേരള സഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എന്ന നിലയിൽ സേവനങ്ങൾ തുടരുന്നുണ്ട് .