ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികനില മോശമായെന്നും സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായം 36.56 കോടി രൂപയായി വർദ്ധിപ്പിക്കണമെന്നും അഭ്യർത്ഥിച്ച് എം.ഡി ടോമിൻ ജെ. തച്ചങ്കരി സർക്കാരിന് കത്ത് നൽകി. 20 കോടിയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാരുടെ ശമ്പളം കഷ്ടിച്ചാണ് നൽകിക്കൊണ്ടിരിക്കുന്നത്. ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന നോൺ ഡിപ്പാർട്ടുമെന്റൽ റിക്കവറി, എൽ.ഐ.സി, എൻ.പി.എസ് എന്നിവ മിക്കപ്പോഴും അടയ്ക്കാറില്ല. ഇത് കുടിശികയായതിനെ തുടർന്ന് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 12 കോടി രൂപ കൂടി പ്രതിമാസം സമാഹരിച്ചാൽ മാത്രമേ ഇവ അടയ്ക്കാൻ കഴിയുകയുള്ളൂ. ഡി.എ കുടിശിക നൽകാൻ 4.56 കോടി രൂപയും വേണം. അതിനാൽ സർക്കാർ ധനസഹായം വർദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അപേക്ഷ.