മലയിൻകീഴ് : ഗ്രന്ഥശാലകളിൽ പ്രളയം മൂലം നഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വരൂപിക്കുന്നതിന് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'ജാഗ്രത' സാംസ്കാരിക ജാഥയ്ക്ക് മലയിൻകീഴിൽ കാട്ടാക്കട താലൂക്കുതല സ്വീകരണം നൽകി . മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാ അങ്കണത്തിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാനും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്. ചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യപ്ടൻ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കൃഷ്ണൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.എം. ബാബു, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്. രാമകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. വാസുദേവൻനായർ സ്വാഗതം പറഞ്ഞു. താലൂക്കിലെ 62 അംഗീകൃത ഗ്രന്ഥശാലകളിൽ നിന്ന് പുസ്തകങ്ങൾ നൽകിയാണ് ജാഥയെ സ്വീകരിച്ചത്. 200 ലേറെ ഗ്രന്ഥശാലകളിൽ നിന്നായി നഷ്ടപ്പെട്ട 15 കോടി രൂപയിലേറെ വിലമതിക്കുന്ന 25 ലക്ഷത്തിലധികം പുസ്തതകങ്ങൾക്ക് പകരമായി പുസ്തകങ്ങൾ സ്വരൂപിക്കുകയാണ് ' ജാഗ്രത 'യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പറഞ്ഞു.