ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബര സ്മാരകമായി സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ ശിവഗിരിയിൽ നിർമ്മിക്കുന്ന ശ്രീനാരായണ മ്യൂസിയത്തിന്റെ ഭൂമിപൂജ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ നടന്ന പൂജയിൽ സ്വാമി പരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, എസ്. എൻ. ഡി. പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം തുടങ്ങിയവർ സംബന്ധിച്ചു. മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നേരത്തെ മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിച്ചിരുന്നു. സർക്കാർ ധനസഹായത്തിന്റെ ആദ്യഗഡുവായി അഞ്ച് കോടി രൂപയും അനുവദിച്ചിരുന്നു. വർക്കല തുരപ്പിനു സമീപം ശിവഗിരി റോഡിൽ മുതലിയാർ സത്രം കോമ്പൗണ്ടിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. മദിരാശിയിലെ ധനാഢ്യനും സിവിൽ കോൺട്രാക്ടറുമായിരുന്ന റാവു ബഹദൂർ ജി. ധർമ്മലിംഗ മുതലിയാർ ഗുരുദേവന് കാണിക്കയായി നിർമ്മിച്ചു നൽകിയതാണ് മുതലിയാർ സത്രം. മഹാസമാധിക്ക് മൂന്ന് ദിവസം മുമ്പുവരെയും മുതലിയാർ സത്രത്തിലെ തെക്കേ മുറിയിലെ കട്ടിലിലായിരുന്നു ഗുരുദേവൻ സുഖമില്ലാതെ കിടന്നിരുന്നത്. ശിവഗിരി റോഡിനഭിമുഖമായി പഴമയുടെ സൗന്ദര്യം പേറി നിൽക്കുന്ന മുതലിയാർ സത്രത്തെ ചരിത്ര സ്മാരകമായി നിലനിറുത്തിക്കൊണ്ടാണ് മ്യൂസിയം നിർമ്മിക്കുന്നത്. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണജോലികൾ ഉടൻ ആരംഭിക്കും.