hari
ഡിവൈ.എസ്.പി ഹരികുമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയിൽ നിന്ന് പിരിച്ചു വിടുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈ.എസ്.പിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. സനലിന്റെ ഭാര്യ വിജിക്ക് ജോലി നൽകാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

ഗുരുതരമായ സ്വഭാവദൂഷ്യം കാട്ടുന്ന പൊലീസുകാരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് സർക്കാർ നയം. കോടതി വെറുതേ വിട്ടാലും തെറ്റുചെയ്തതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടിയെടുക്കും. പൊലീസ് ആക്ടിലെ 86(2) ചട്ടപ്രകാരം അക്രമം, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ സേനയിൽ നിന്ന് പുറത്താക്കാം. എന്നാൽ 86(സി) ചട്ടപ്രകാരം, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായി ജോലിക്ക് അൺഫിറ്റാണെങ്കിൽ പുറത്താക്കാം. പൊലീസ് ആക്ടിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ചവരുത്തിയാൽ പിരിച്ചുവിടാനാവും. കെവിൻ വധക്കേസിൽ ക്വട്ടേഷൻ സംഘത്തിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.

ക്രിമിനൽ കേസിൽ ഒരാഴ്ചയെങ്കിലും ശിക്ഷിക്കപ്പെട്ടാൽ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് സർവീസ് റൂളിലുള്ളത്. റിമാൻഡ് ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണം. പൊലീസിലെ നിയമം ഇതിലും കടുത്തതാണ്. ശിക്ഷ എത്രയായാലും ക്രിമിനലുകളെ ഉടനടി പുറത്താക്കണം.

ഡിവൈ.എസ്.പി ഇപ്പോൾ സസ്പെൻഷനിലാണ്. സസ്പെൻഷൻ ശിക്ഷയായി സർവീസ് ചട്ടത്തിൽ കണക്കാക്കിയിട്ടില്ല. അന്വേഷണ വിധേയമായി സസ്പെൻഷനിലായാൽ കുറ്റക്കാരനാണെങ്കിൽ ഉപജീവന ബത്ത ലഭിക്കും, കുറ്റക്കാരനല്ലെങ്കിൽ സസ്പെൻഷൻ കാലം ഡ്യൂട്ടിയായി കണക്കാക്കി തിരിച്ചെടുക്കും. റിസ്ക്, സ്‌മാർട്ട്, സ്പെഷ്യൽ പേ എന്നിവ ഒഴിച്ചുള്ള ശമ്പളവും കിട്ടും.

അന്വേഷണം എ.ഡി.ജി.പി വിലയിരുത്തും

നെയ്യാറ്റിൻകര കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് വിലയിരുത്തുമെന്ന് ഡി.ജി.പി പറഞ്ഞു. ഇതുവരെയുള്ള അന്വേഷണം വിലയിരുത്തിയ ശേഷം സംഘത്തലവൻ എസ്.പി ആന്റണിയെ മാറ്റണോയെന്ന് തീരുമാനിക്കും. ഇക്കാര്യത്തിൽ എ.ഡി.ജി.പിക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.