തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്തിന് അഞ്ച് നാൾ ശേഷിക്കേ യുവതീ പ്രവേശന വിധിയിൽ രാഷ്ട്രീയപ്പാർട്ടികളും മുന്നണികളും തമ്മിൽ പോര് കൊഴുത്തു. ഒപ്പം അഞ്ച് മാസത്തിനപ്പുറമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിവാദമെങ്ങനെ സ്വാധീനിക്കുമെന്ന ആകാംക്ഷയും അണികളിൽ ശക്തമാവുകയാണ്.
കാസർകോട്ട് നിന്ന് തുടങ്ങിയ എൻ.ഡി.എ രഥയാത്ര കോഴിക്കോട് ജില്ലയിലെത്തി. അതേദിവസം തുടങ്ങിയ കോൺഗ്രസ് നേതാക്കളായ കെ. സുധാകരന്റെ വാഹന ജാഥയും കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പദയാത്രകളും പ്രയാണം തുടരുന്നു. കെ. മുരളീധരന്റെ പദയാത്ര തിരുവനന്തപുരത്തും ഷാനിമോൾ ഉസ്മാന്റെ വാഹനജാഥ പാലക്കാട്ടും ഇന്നാരംഭിക്കും.
ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും പ്രചാരണത്തെ മറികടക്കാനുമുള്ള ബദൽ പരിപാടികളിൽ സി.പി.എമ്മും ഇടതുമുന്നണിയും സജീവമാകുകയും ചെയ്തു. വിധിയെച്ചൊല്ലി രാഷ്ട്രീയപ്പോര് ശക്തമാകുമ്പോൾ, ചൊവ്വാഴ്ചയാണ് റിവ്യൂ ഹർജികളിന്മേൽ സുപ്രീംകോടതി തീരുമാനം വരുന്നത്. കോൺഗ്രസിന്റെ ജാഥകൾ പത്തനംതിട്ടയിൽ സംഗമിക്കുന്നതും അന്നാണ്. ബി.ജെ.പി രഥയാത്രയുടെ സമാപനം 15നാണ്.
തങ്ങളുടെ പ്രചാരണ തന്ത്രങ്ങൾ തിരഞ്ഞെടുപ്പ് ഗോദയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആകാംക്ഷയാണ് മുന്നണി നേതൃത്വങ്ങളെയും അണികളെയും ഒരുപോലെ അലട്ടുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിലുറച്ച് നീങ്ങുന്ന ഇടതുമുന്നണി ലക്ഷ്യമിടുന്നത് മതന്യൂനപക്ഷ വിഭാഗങ്ങളെ കൂടിയാണ്. ശബരിമലയുടെ മറവിൽ സംഘർഷത്തിന് ബി.ജെ.പി നേതൃത്വം ബോധപൂർവം ശ്രമിക്കുന്നെന്ന് കഴിഞ്ഞ ചിത്തിരആട്ട വിശേഷ ദിവസത്തെ സംഭവത്തോടെ സ്ഥാപിക്കാനായെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നവരുടെയും പിന്നാക്ക, ദളിത് വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, വിശ്വാസസംരക്ഷണം എന്ന വൈകാരിക പ്രശ്നത്തിൽ മതന്യൂനപക്ഷങ്ങൾ ഇടതുമുന്നണിയെ അത്രകണ്ട് വിശ്വാസത്തിലെടുക്കുമെന്ന് കരുതാവുന്നതല്ല നിലവിലെ സംഭവവികാസങ്ങളെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് ഗുണമാകുമെന്ന പ്രതീക്ഷയാണ് അവർക്ക്. അപ്പോഴും ബി.ജെ.പിയുടെ തീക്ഷ്ണമായ സമരമുറ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ബി.ജെ.പി ഒരു ഹൈന്ദവ ധ്രുവീകരണത്തിന് വിത്ത് പാകിയിരിക്കുന്നുവെന്ന തിരിച്ചറിവാണത്. തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കിനെ അത് ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, ഒന്നുമില്ലാത്തിടത്ത് നിന്ന് രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലെങ്കിലും പ്രതീക്ഷയർപ്പിക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. പക്ഷേ, ശ്രീധരൻ പിള്ളയുടെ വിവാദ വെളിപ്പെടുത്തലുകളടക്കം ബൂമറാങ് ആയി തിരിച്ചടിക്കുന്നത് പാർട്ടിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ചേരിപ്പോര് ഇപ്പോഴും പുകയുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ച് .