lakshmi

തിരുവനന്തപുരം: 'കുറച്ചു ദിവസമുണ്ടാകുമോ സുകുമാരന്റെ അനിയൻ നാട്ടില്..'' ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന ഗോപിയെ സുകുമാരന്റെ അനിയാ... എന്ന് ലക്ഷ്മി കൃഷ്ണമൂർത്തി അവതരിപ്പിച്ച മുത്തശ്ശി വിളിക്കുന്ന ആദ്യ സീനാണിത്. എല്ലാൽ ലക്ഷ്മിയെ അടയാളപ്പെടുത്തുന്ന കഥാപാത്രമായി അത് മാറി, ആ വിളിയും ഹിറ്റായി.

ഒറ്റപ്പാലത്തെ പാടത്ത് ഈ സീനെടുക്കുമ്പോൾ സംവിധായകൻ കമൽ ലക്ഷ്മിയോടു പറഞ്ഞു. 'ഇനി അങ്ങോട്ടു മുത്തശ്ശി ഗോപിയെ വിളിക്കുന്നത് സുകുമാരന്റെ അനിയാ എന്നാണ്. അത് മനസിലുണ്ടാകണം'. ഉടൻ ലക്ഷ്മിയുടെ മറുപടി 'ഓരോ ഡയലോഗിന്റെയും ഭാവത്തിനനുസരിച്ച് സുകുമാരന്റെ അനിയാ വിളിയിൽ ഞാൻ ഭാവം മാറ്റിക്കോളാം.' അടുത്ത സീൻ മുതൽ അത് ലക്ഷ്മി തെളിയിച്ചു. 'സുകുമാരന്റെ അനിയന് ചായ എടുക്ക്..", സുകുമാരന്റെ അനിയൻ അങ്ങാടിക്ക് പോണുണ്ടോ എനിക്കിത്തിരി പൊകല വേണ്ട്യർന്നു', എന്നാ സുകുമാരന്റെ അനിയൻ പൊക്കോളൂ' - ഒരു സീനിൽ മൂന്ന് സുകുമാരന്റെ അനിയൻ ചേർത്ത ഡ‌യലോഗുകൾ. നിരവധി ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച ശേഷമാണ് ലക്ഷ്മി 'ഈ പുഴയും കടന്നി"ൽ എത്തുന്നത്.

സിനിമ ഹിറ്റായ ശേഷം ലക്ഷ്മി പോയത് ആലിപ്പഴം സീരിയലിന്റെ അരുവിക്കരയിലെ ലൊക്കേഷനിൽ. അവിടെ സംവിധായകൻ സജി സുരേന്ദ്രനുൾപ്പെടെയുള്ളവർക്ക് 'സുകുമാരന്റെ അനിയാ..' ഡയലോഗ് കേൾക്കണം. അതേ നർമ്മഭാവത്തോടെ വള്ളുവനാടൻ ശൈലിയിൽ ലക്ഷ്മി അത് പറയും.

ഹരിഹരൻ സംവിധാനം ചെയ്‌ത പഞ്ചാഗ്നിയിലൂടെയായിരുന്നു ലക്ഷ്മിയുടെ സിനിമാ പ്രവേശം. കിടപ്പിലായ രാഷ്ട്രീയക്കാരിയുടെ വേഷം മനോഹരമാക്കി. ജി. അരവിന്ദൻ സംവിധാനം ചെയ്‌ത വാസ്തുഹാരയിലെ ദേവകി,​ സത്യൻ അന്തിക്കാടിന്റെ തൂവൽകൊട്ടാരത്തിലെ മാധവി,​ സന്തോഷ് ശിവന്റെ അനന്തഭദ്രത്തിലെ മുത്തശ്ശി ഇങ്ങനെ പ്രേക്ഷക ശ്രദ്ധനേടിയ ഒരു പിടി കഥാപാത്രങ്ങൾ. മനസിലും വാക്കിലും സ്നേഹം മാത്രം കൊണ്ടു നടന്ന സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്മയായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി. അവസാനകാലത്ത് ചെന്നൈയിൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു. അതിലും അവർ പരിഭവം കാണിച്ചില്ല. ഒരിക്കൽ ഭാഗ്യലക്ഷ്മി സന്ദർശിച്ചപ്പോൾ ലക്ഷ്മി ഒരുപാട് സംസാരിച്ചു. ഒടുവിൽ കമലിനോട് സംസാരിക്കണമെന്നാഗ്രഹവും പറഞ്ഞു. ഭാഗ്യലക്ഷ്മി കമലിനെ ഫോണിൽ വിളിച്ചു നൽകി. അര മണിക്കൂറിലേറെ സംസാരിച്ചു. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞാണ് അന്ന് ഫോൺ വച്ചത്.

'ഓമനത്തം തുളുമ്പുന്നു മുത്തശ്ശി, അതായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി. കഥാപാത്രത്തിന്റെ വ്യക്തിത്വത്തിനായി തിരക്കഥാകൃത്ത് ശത്രുഘ്നൻ എഴുതി ചേർത്ത ഡയലോഗാണ് സുകുമാരന്റെ അനിയാ എന്ന വിളി. 'ഈ പുഴയും കടന്ന"തിനു ശേഷം 'കൈക്കുടന്ന നിലാവി"ലെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യാവേഷത്തിലേക്ക് ലക്ഷ്മി അമ്മയെയാണ് തീരുമാനിച്ചിരുന്നത്. അന്ന് നാട്ടിൽ ഇല്ലാത്തതിനാൽ അവർക്ക് അതിന് കഴിഞ്ഞില്ല. ആ നഷ്ടത്തെ പറ്റി പലവട്ടം പറഞ്ഞിട്ടുണ്ട്''

- കമൽ, സംവിധായകൻ