ആരോപണങ്ങൾ വീണ്ടും തള്ളി ജലീൽ
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ കൈവിടേണ്ടെന്ന് സി.പി.എം തീരുമാനിച്ചതോടെ, ആരോപണങ്ങളിൽ നിയമവഴി തേടി സമ്മർദ്ദം ശക്തമാക്കാൻ പ്രതിപക്ഷം നീക്കമാരംഭിച്ചു. കോടതി ഇടപെടലിലൂടെ മന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണവർ. കോടതി ശക്തമായി ഇടപെട്ടാൽ മന്ത്രിയെ സംരക്ഷിക്കാനാവില്ലെന്ന നില സി.പി.എം നേതൃത്വത്തിനുമുണ്ടാവും. പാർട്ടി നേതൃത്വം അത് കണക്കുകൂട്ടുന്നുമുണ്ട്.
അതേസമയം, തനിക്കെതിരെ തുടരെത്തുടരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി മന്ത്രി കെ.ടി. ജലീൽ ഇന്നലെ പുതിയ വാർത്താക്കുറിപ്പിറക്കി. ജലീലിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വാർത്താക്കുറിപ്പ് വന്നത്. മുസ്ലിം സമുദായത്തിൽ ജലീലിനുള്ള സ്വാധീനത്തെപ്പറ്റി അറിയാവുന്നത് കൊണ്ടാണ് ലീഗ് ആരോപണമുന്നയിക്കുന്നതെന്നാണ് ഇന്നലെ കോഴിക്കോട്ട് കോടിയേരി പറഞ്ഞത്.
ജലീൽ പറയുന്നു
ജെയിൻ യൂണിവേഴ്സിറ്റിക്ക് കേരളത്തിൽ ഓഫ് കാമ്പസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ ലഭിച്ചെങ്കിലും അത് പരിഗണിച്ചിട്ടില്ല.
തൃശൂർ കിലയിൽ അനധികൃത നിയമനം നടന്നിട്ടില്ല. അവിടെ നിയമനാധികാരി ഡയറക്ടറാണ്.
ശുദ്ധജല കമ്പനിക്ക് ലൈസൻസ് നൽകാൻ മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയെന്ന ആരോപണം തെറ്റാണ്.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ഭാര്യയ്ക്ക് പ്രിൻസിപ്പൽ നിയമനം ലഭിച്ചതിൽ അപാകതയില്ല. സ്വകാര്യ എയ്ഡഡ് സ്കൂളാണ്.
ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് നിയമിച്ചത്.
പി.ജി ഡിപ്ലോമയ്ക്ക് അംഗീകാരമില്ലെന്ന്
അതിനിടെ, ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിയമനം നേടിയ മന്ത്രി ബന്ധുവിന്റെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയ്ക്ക് അംഗീകാരമില്ലെന്ന ആക്ഷേപം പുതുതായി ഉയർന്നു. എന്നാൽ യു.ജി.സി അംഗീകാരമുള്ള അണ്ണാമല സർവകലാശാലയുടെ കോഴ്സ് ആണെങ്കിൽ മറ്റെല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്നാണ് പുതിയ ചട്ടമെന്നും ആക്ഷേപത്തിൽ കഴമ്പില്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.