തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലക്കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിന് സംരക്ഷണമൊരുക്കുന്നത് ജില്ലയിലെ പ്രമുഖനായ ഇടതുപക്ഷ രാഷ്ട്രീയ നേതാവാണെന്ന ആരോപണം ശക്തമാവുന്നു. സനൽ മരിച്ച ശേഷം ഡിവൈ.എസ്.പി ഒളിവിൽ പോകുന്നതിന് മുൻപ് ഈ നേതാവിനെയും ഇടത് പൊലീസ് സംഘടനയുടെ ജില്ലാ നേതാവിനെയും പലവട്ടം വിളിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ, ഇവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് മടികാട്ടുകയാണ്.
രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണിലുണ്ണിയാണ് ഹരികുമാറെന്നാണ് തദ്ദേശവാസികൾ പറയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് അവരുടെ ആളായാണ് നെയ്യാറ്റിൻകരയിൽ നിയമനം കിട്ടുന്നത്. ഭരണം മാറിയതോടെ കളം മാറ്രിച്ചവിട്ടി. പ്രാദേശിക നേതാക്കളുടെ വരെ ആശ്രിതനായി. ബാലരാമപുരത്തെ വീട്ടമ്മയുടെ പരാതിയിൽ കോൺഗ്രസ് എം.എൽ.എ എം. വിൻസെന്റിനെ അറസ്റ്റ് ചെയ്തതോടെ ഉന്നതരുടെയും ഇഷ്ടക്കാരനായി മാറി.
നെയ്യാറ്റിൻകര താലൂക്കിലെ മണ്ണ്, ക്വാറി, മണൽ, പാറ, ഇഷ്ടിക മാഫിയയുടെ ഉറ്റതോഴനായിരുന്നു ഡിവൈ.എസ്.പിയെന്നാണ് ആരോപണം. ഏതാനും മാസം മുൻപ് ടിപ്പർ ലോറിക്കാർ കോഴ നൽകാൻ മടിച്ചപ്പോൾ നൂറിലേറെ ടിപ്പറുകൾ ഒറ്റയടിക്ക് പിടിച്ചിട്ട് അരലക്ഷം മുതൽ ഒരു ലക്ഷം വരെ പിഴയിടാൻ തുടങ്ങി. ഇതോടെ ഭയപ്പാടിലായ ടിപ്പറുടമകൾ ഡിവൈ.എസ്.പിയുടെ അനുയായികളായി മാറിയെന്ന് നാട്ടുകാർ പറയുന്നു.
കുന്നിടിക്കാനും വയൽ നികത്താനുമെല്ലാം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന് ഡിവൈ.എസ്.പി ഒത്താശ ചെയ്തിരുന്നു. അതിനിടെ, ഒരു ലക്ഷം രൂപ കോഴ വാങ്ങുന്നതിന്റെ തെളിവു സഹിതം വി.എസ്.ഡി.പി നേതാവ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ ഡിവൈ.എസ്.പി വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി. ധനുവച്ചപുരം എൻ.എസ്.എസ് കോളേജിലെ വിവാദ പ്രസംഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്കും വെള്ളറടയിലെ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾക്കുമെതിരേ കേസെടുത്തത് ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു.
നേരത്തേ പൊലീസ് അസോസിയേഷന്റെ കൗൺസിലറായിരുന്നു ഹരികുമാർ. ഇടത് സംഘടനാ നേതാവുമായി 2006 മുതൽ ഉറ്റബന്ധമാണ്. നെടുമങ്ങാട് എസ്.ഐയായിരിക്കെ സംഘടനാ നേതാവിന്റെ ക്വാറിക്ക് സംരക്ഷണമൊരുക്കിയത് ഹരികുമാറായിരുന്നെന്നും ഫോർട്ട് സി.ഐയായി നിയമനം വാങ്ങി നൽകിയത് ഒരു മുൻ എം.എൽ.എയായിരുന്നെന്നും സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. നെയ്യാറ്റിൻകരയിൽ ക്വാറി-മണൽ-ടിപ്പർ മാഫിയയെ ഏകോപിപ്പിച്ചത് പൊലീസ് സംഘടനാ നേതാവായിരുന്നെന്നും ആഴ്ചയിലൊരിക്കൽ എ.ആർ ക്യാമ്പിലെത്തി നേതാവിന്റെ അനുയായികൾക്ക് പണം നൽകിയിരുന്നെന്നും മദ്യസൽക്കാരം നടത്തിയിരുന്നെന്നും സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സനൽ മരിച്ചത് ഡിവൈ.എസ്.പിയെ അറിയിച്ചതും മുൻകൂർ ജാമ്യാപേക്ഷ ഒപ്പിട്ടുവാങ്ങാൻ ഡിവൈ.എസ്.പിയെ കണ്ടതും പൊലീസ് സംഘടനാ നേതാവാണെന്നും ഇരുവരും ചേർന്ന് ബിനാമി ബിസിനസുകൾ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പിക്ക് നിരവധി ബിനാമി ബിസിനസുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഹരികുമാറിന്റെ ബിനാമിയായിരുന്നു കൊടങ്ങാവിളയിലെ ബിനു. ഇയാളുടെ ജുവലറിയിലെ പാർട്ണറായിരുന്ന അയ്യപ്പന്റെ ദുരൂഹമരണം രണ്ടുവർഷം മുൻപ് ഒതുക്കിതീർത്തത് ഡിവൈ.എസ്.പിയാണെന്നും ആരോപിക്കുന്നു.