farmer-suicide

ബാലരാമപുരം: കടബാദ്ധ്യതയെ തുടർന്ന് യുവ കർഷകനെ വയൽക്കരയ്‌ക്ക് സമീപം വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മുക്കംപാലമൂട് തോട്ടിൻകര പുത്തൻവീട്ടിൽ സുരേന്ദ്രൻ - ഓമന ദമ്പതികളുടെ മകൻ പ്രമോദാണ് (35)​ മരിച്ചത്. ഇയാൾ ദേവസ്വം ബോർഡിൽ താത്കാലിക തളി ജീവനക്കാരനുമാണ്. ഇന്നലെ രാവിലെ 11ന് തേരിക്കവിള വയൽക്കരയിലെ വാഴത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ട തേരിക്കവിള നിവാസികളാണ് വിവരം നരുവാമൂട് പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് നിന്ന് വിഷാംശം അടങ്ങിയ കുപ്പിയും കണ്ടെത്തി.

തേരിക്കവിളയിൽ ഒന്നര ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് പ്രമോദ് കൃഷി ചെയ്യുന്നത്. ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ വാഴക്കൃഷി പ്രളയത്തിൽ നശിച്ചതോടെ സാമ്പത്തിക നഷ്ടമുണ്ടായി. സാമ്പത്തിക ബാദ്ധ്യത പ്രമോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പൊലീസ് പറയുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജിജി. ഒരു മകളുണ്ട്. സംസ്‌കാരം ഇന്ന് നടക്കും.