വിഴിഞ്ഞം: കടൽത്തിരകളെ കടലിൽ തന്നെ തടയാൻ ആധുനിക സാങ്കേതിക വിദ്യ വരുന്നു. കേരളത്തിലെ തീരദേശത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. വലിയതുറയ്ക്കും പൂന്തുറയ്ക്കും മദ്ധ്യേയാകും ആധുനിക പുലിമുട്ട് സംവിധാനം ഏർപ്പെടുത്തുന്നത്. നിർമ്മാണത്തിന്റെ ആദ്യ ഘട്ട സർവേ നടപടികൾ വിഴിഞ്ഞത്ത് ആരംഭിച്ചു. ഹൈഡ്രോ ഗ്രാഫിക് സർവേ വകുപ്പിന്റെ 'ജല ഗവേഷിണി' എന്ന സർവേ ബോട്ടാണ് വിഴിഞ്ഞത്ത് എത്തിയത്. തീരത്തെ മണലുകൾ വൻതോതിൽ കടലിലേക്ക് എടുക്കുന്ന തിരകളെ കടലിൽ തന്നെ തടഞ്ഞു നിറുത്തുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. കെയ്സോൺ, ജിയോ ട്യൂബ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാകും കടലിലെ തിര തടയൽ പദ്ധതി നടപ്പാക്കുക. ഇത് സർവേ പൂർത്തിയാക്കി വിശകലനം ചെയ്തത ശേഷമേ തീരുമാനിക്കൂവെന്ന് അധികൃതർ പറഞ്ഞു. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെ ഹാർബർ എൻജിനിയറിംഗ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. കടലിൽ സ്ഥാപിച്ചാൽ പുറമേ കാണാൻ സാധിക്കില്ല. മത്സ്യത്തൊഴിലാളികളെയോ മത്സ്യ ബന്ധനത്തെയോ ഇത് ബാധിക്കില്ല. വർഷകാലത്തിൽ ഏറ്റവുമധികം തിരയടിയും മണ്ണൊലിപ്പും ഉണ്ടാകുന്ന പ്രദേശമായതിനാലാണ് പൂന്തുറയ്ക്കും വലിയതുറയ്ക്കും ഇടയ്ക്ക് ഇവ സ്ഥാപിക്കാൻ തിരഞ്ഞെടുത്തത്. ഇവ സ്ഥാപിച്ചാൽ ടൂറിസം കേന്ദ്രമായ ശംഖുംമുഖത്തും തിരയടി കുറയുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 6 ന് തുടങ്ങിയ സർവേ ഒരു മാസം വരെ നീളും. രാവിലെ 7ന് തുടങ്ങുന്ന സർവേയിൽ 15 അംഗങ്ങളാണുള്ളത്. കടലിനടിയിലും തിരകളടിക്കുന്ന കര ഭാഗത്തും ഒരേ സമയം സർവേ നടക്കും. കരയിൽ വേലിയേറ്റത്തിന്റെ അളവ് അറിയാൻ വേണ്ടി സ്കെയിൽ സ്ഥാപിച്ചാണ് സർവേ നടത്തുന്നത്. അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പദ്ധതി ആരംഭിക്കും.
കടലിനടിയിൽ 30 മീറ്റർ ആഴത്തിൽ സർവേ
കിഫ്ബിയിൽ ഉൾപ്പെടുത്തി
ചെലവ് 150 കോടി
ഫോട്ടോ: സർവേയ്ക്കു വേണ്ടി വിഴിഞ്ഞത്തെത്തിയ ജലഗവേഷിണിയെന്ന സർവേ ബോട്ട്.