sabarimala-

തിരുവനന്തപുരം:യുവതീപ്രവേശനം തടയാനുള്ള പ്രക്ഷോഭങ്ങളുടെ മറവിൽ, തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ ശബരിമലയിൽ എത്താനിടയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് ഗവൺമെന്റിന് റിപ്പോർട്ട് നൽകി. അതേസമയം, ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമലയിൽ പ്രതിഷേധങ്ങൾ നടത്തരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും നിർദേശം നൽകണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

കാട്ടിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും കാട്ടിലൂടെ ദീർഘനേരം സഞ്ചരിക്കേണ്ടതിനാലും തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തീർത്ഥാടകരുടെ ഇരുമുടിക്കെട്ടിൽ ഭീകരസംഘടനകളും ദേശവിരുദ്ധ ശക്തികളും സ്‌ഫോടക വസ്തുക്കൾ കടത്താൻ സാദ്ധ്യതയുണ്ടെന്നും റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് സ്‌ഫോടനം നടത്താൻ ഭീകര സംഘടനകൾക്ക് വൈദഗ്ദ്ധ്യമുണ്ടെന്നും ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ഇന്റലിജൻസ് നിർദ്ദേശങ്ങൾ

സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണം.

സംശയം തോന്നുന്ന ആളുകളെയും വസ്തുക്കളെയും പരിശോധിക്കണം. കുടിവെള്ള ടാങ്കുകൾ, ഇലക്ട്രിക് കണക്‌ഷനുകൾ, ശ്രീകോവിൽ, മാളികപ്പുറം ക്ഷേത്രം, ഗണപതി കോവിൽ, പാർക്കിംഗ് സ്ഥലം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധവേണം.

ട്രാക്ടറുകളിൽ സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ നീരീക്ഷണം. കാക്കി പാന്റ്‌സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണം.

അമ്പലം സന്ദർശിക്കാനെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്​റ്റ് തയാറാക്കണം.

ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷ കൂട്ടണം ശബരിമല സീസണിൽ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ ഇന്റലിജൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. അവരുമായി ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.

മ​റ്റു സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുടെ സഹായം തേടണം. പമ്പയിലും സന്നിധാനത്തും സ്‌പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ് ഡിവൈ.എസ്.പിമാർ നിരീക്ഷണം നടത്തണം.

സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ

ശബരിമലയിൽ പ്രതിഷേധം പാടില്ലെന്ന് നിർദ്ദേശിക്കണം

കൊച്ചി :ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആചാര സംരക്ഷണത്തിന്റെ പേരിൽ നടത്തുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും അയ്യപ്പ ഭക്തരുടെ സംഘടനകൾക്കും നിർദ്ദേശം നൽകണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ചിത്തിര ആട്ടത്തിരുനാളിന് നട തുറന്ന ശേഷമുള്ള സംഭവങ്ങൾ വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ആവശ്യം. മണ്ഡലകാലത്ത് ദിവസം ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷ. സാമൂഹ്യ വിരുദ്ധ ശക്തികൾ യുവതീ പ്രവേശന പ്രതിഷേധക്കാരെ കരുവാക്കുമെന്ന് ആശങ്കയുണ്ട്. പ്രതിഷേധം തുടർന്നാൽ തീർത്ഥാടനത്തെ സാരമായി ബാധിക്കും.

ശബരിമലയിൽ സുരക്ഷാ ഭീഷണിയുണ്ട്. തീർത്ഥാടകരെ ദ്രോഹിക്കണമെന്ന് പ്രതിഷേധക്കാർക്ക് ആഗ്രഹമുണ്ടാവില്ല. എന്നാൽ, സാഹചര്യം ചൂഷണം ചെയ്ത് സമാധാനാന്തരീക്ഷം തകർക്കാനെത്തുന്ന സാമൂഹ്യ വിരുദ്ധരെ കരുതിയിരിക്കണം. പൊലീസ് നടപടിയിൽ തീർത്ഥാടകർക്ക് പരിക്കേറ്റാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ലഹളയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.