waste

കാട്ടാക്കട:കാട്ടാക്കട പട്ടണം വീണ്ടും മാലിന്യക്കൂമ്പാരമായി.ദിവസങ്ങൾക്കു മുൻപ് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന മാലിന്യ നിർമാർജനത്തിനായി വാങ്ങിയ പുതിയ വാഹനത്തിൽ പട്ടണത്തിലെ വിവിധ ഇടങ്ങളിൽ നിന്നും അനധികൃതമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.എന്നാലിപ്പോൾ വീണ്ടും പട്ടണത്തിൽ മാലിന്യം നിക്ഷേപിക്കുന്നതു പതിവായി.

കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ സ്വകാര്യ ആഡിറ്റോറിയത്തിന് സമീപത്തുനിന്നും പുഴുവരിച്ചു കുമിഞ്ഞു കിടന്ന മാലിന്യം നീക്കം ചെയ്ത അടുത്ത ദിവസം തന്നെ വീണ്ടും ഇവിടെ മാലിന്യം നിക്ഷേപം നടത്തി.ഹരിതകർമ്മ സേന അംഗങ്ങൾ എത്തി നീക്കം ചെയ്യുകയും ജനവസകേന്ദ്രത്തിലും വഴിയരികിലെ ജലസ്രോതസുകൾക്കു സമീപവും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു..എന്നാൽ ഇതൊന്നും മാലിന്യ നിക്ഷേപക്കാർ കണ്ട മട്ടില്ല.

നെയ്യാറ്റിൻകര റോഡിൽ ഉൾപ്പടെ പട്ടണത്തിൽ മാലിന്യ നിക്ഷേപം തകൃതിയാണ്.പ്രധാന റോഡുകളിലും ഇട റോഡുകളിലും വീടുകളുടെ പുരയിടങ്ങളിലും ഒക്കെ രാത്രികാലത്ത് ചാക്കിൽ കെട്ടിയ മാലിന്യം വലിച്ചെറിഞ്ഞു പോകുകയാണ് . മാലിന്യ നിർമാർജനത്തിനും പൊതു നിരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.