hari

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ ഡിവൈ.എസ്.പി ബി. ഹരികുമാർ കീഴടങ്ങാൻ സന്നദ്ധനായില്ല. ബന്ധുക്കൾ വഴി ക്രൈംബ്രാഞ്ച് നടത്തിയ നീക്കങ്ങളൊന്നും ഫലം കാണാത്തതിനെത്തുടർന്ന് ഇയാളെ പിന്തുടർന്ന് പിടിക്കാൻ എസ്.പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ സംഘം തമിഴ്നാട്ടിലെത്തി.

ഹരികുമാറും സുഹൃത്ത് ബിനുവും ഒരുമിച്ച് തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുകയാണെന്നും തങ്ങൾ അവരുടെ ചുറ്റുവട്ടത്ത് തന്നെയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഹരികുമാറിന്റെ സഹോദരൻ മാധവൻ നായരെയും സുഹൃത്ത് ബിനുവിന്റെ മകനെയും കൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തു. ഇവരുടെ വിശദമായ മൊഴിയുമെടുത്തു. ഹരികുമാറിന്റെയും ബിനുവിന്റെയും ഭാര്യമാരെയും ഉറ്റ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹരികുമാർ എവിടെയാണെന്ന് അറിയില്ലെന്ന് കൈമലർത്തുകയാണ് ബന്ധുക്കൾ. ഇയാൾ ഇതുവരെ വീട്ടുകാരെ വിളിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അന്വേഷണ സംഘത്തെയോ മുതിർന്ന ഉദ്യോഗസ്ഥരെയോ കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുമില്ല.

മധുരയിലെ ഒളിയിടം മനസിലാക്കിയെന്ന് തിരിച്ചറിഞ്ഞ് ഡിവൈ.എസ്.പി മറ്റൊരിടത്തേക്ക് നീങ്ങിയെന്നാണ് അന്വേഷണസംഘം പറയുന്നത്. തേനിയിലും പള്ളിവാസലിനടുത്തുള്ള ചിത്തിരപുരത്തും എത്തിയിരുന്നതായി അന്വേഷകർക്ക് വിവരം കിട്ടി. ഡിവൈ.എസ്.പിയുടെ സ്വകാര്യഫോൺ നമ്പരിലെ വിളികൾ നിരീക്ഷിച്ചാണ് തേനിയിലെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉറ്റ ബന്ധുവിന് ചിത്തിരപുരത്തു നിന്ന് വന്ന ഫോൺകാളിൽ നിന്നാണ് അവിടെയെത്തിയെന്ന് മനസിലാക്കിയത്. തുടർന്നാണ് കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലേക്ക് പോയത്. തമിഴ്‌നാട്ടിലെ ക്വാറി മാഫിയയുടെ മധുരയിലെ സങ്കേതത്തിലാണ് ഹരികുമാർ ആദ്യം ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് വിവരം.

അതേസമയം, നെയ്യാ​റ്റിൻകര എസ്‌.ഐ എസ്. സന്തോഷ്‌കുമാറിന്റെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സനൽകുമാറിനെ ആംബുലൻസിൽ കൊണ്ടുപോയ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്ചന്ദ്രൻ, ഷിബു എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. മുഖ്യസാക്ഷിയും ഹോട്ടലുടമയുമായ പൂവാർ സ്വദേശി മാഹീന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. 14നാണ് ഡിവൈ.എസ്.പിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിച്ചുകളി തുടരാനും ഇടയുണ്ട്.

സി.ബി.ഐ അന്വേഷിക്കണം: കുടുംബം

കേസന്വേഷണം സി.ബി.ഐക്ക് കൈമാറണണെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. ഡിവൈ.എസ്.പിക്ക് പൊലീസിൽ നിന്ന് സഹായം കിട്ടുന്നുണ്ടെന്നും അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു. അന്വേഷണം മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാക്കണം.