തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ സനൽകുമാറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ സുഹൃത്തുക്കളുണ്ടെന്നും ഇവരെ മാറ്റണമെന്നും സനലിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ആന്റണി ഹരികുമാറിനൊപ്പം ജോലി ചെയ്‌തയാളാണ്. അന്വേഷണം ഇയാളിൽ നിന്ന് മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ സംഭവം ദിവസം തന്നെ ഹരികുമാറിനെ പിടിക്കാമായിരുന്നെന്നും വിജി പറഞ്ഞു. കൊലപാതകം നടന്ന് രണ്ടു ദിവസം ഡിവൈ.എസ്.പിയുടെ ഫോൺ ഓൺ ആയിരുന്നെന്നും സൈബർസെൽ മനസുവച്ചെങ്കിൽ അന്നുതന്നെ പിടികൂടാമായിരുന്നെന്നും സനലിന്റെ സഹോദരി സജിത പറഞ്ഞു. എന്നാൽ ആരോപണങ്ങൾ കാര്യമാക്കുന്നില്ലെന്നും കൃത്യമായ അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി
അതിനിടെ ഇന്നലെ വൈകിട്ട് കൊടങ്ങാവിളയിൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാർ തടഞ്ഞു. ഹരികുമാറിനെ അറസ്റ്റു ചെയ്യാതെ നടത്തുന്ന മൊഴിയെടുപ്പ് പ്രഹസനമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേത്തുടർന്ന് മൊഴിയെടുക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.