നെടുമങ്ങാട് : വിശ്വാസ സംരക്ഷണത്തിനും വർഗീയതയ്ക്കുമെതിരെ കെ.പി.സി.സി പ്രചാരണ വിഭാഗം അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.എൽ.എ നയിക്കുന്ന പദയാത്രയ്ക്ക് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ വരവേൽപ്പ് നൽകും.ഇന്ന് ഉച്ചയ്ക്ക് 2.30 ന് വട്ടപ്പാറ ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയെ നൂറുകണക്കിന് പ്രവർത്തകർ അനുഗമിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.അരുണ്‍കുമാർ അറിയിച്ചു.നെടുമങ്ങാട് നഗരസഭയിലെ കരിപ്പൂര്, പൂവത്തൂർ,നെടുമങ്ങാട് മണ്ഡലം കമ്മിറ്റികളിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് നഗരസഭ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കെ.ജെ.ബിനു അറിയിച്ചു.വിശ്വാസ സംരക്ഷണ യാത്രയുടെ വിജയത്തിനായി നഗരസഭയിലെ മൂന്ന് മണ്ഡലം കമ്മിറ്റികളിലും അഭിപ്രായ വ്യത്യാസമില്ലാതെ യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും പ്രവർത്തകർ കുപ്രചാരണങ്ങളിൽ വീഴരുതെന്നും കെ.ജെ.ബിനു പത്രക്കുറിപ്പിൽ വിശദീകരിച്ചു.അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ആദ്യകാല പ്രവർത്തകന് അവാർഡ് നൽകിയതിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്ന അവാർഡ് ദാനത്തിൽ പാർട്ടിയെ വലിച്ചിഴയ്ക്കരുതെന്നും പത്രക്കുറിയിപ്പിലുണ്ട്.