മലയിൻകീഴ്: ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡിനെതിരെ നാട്ടുകാരോടൊപ്പം ഡി. വൈ. എഫ്. ഐയും. കഴിഞ്ഞ ദിവസം സ്റ്റാൻഡിനു സമീപമുണ്ടായ വാഹന അപകടത്തിൽ മലയിൻകീഴ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഖിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൈകാലുകൾ പൊട്ടി രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ സമീപിച്ചെങ്കിലും സ്റ്റാൻഡിലുണ്ടായിരുന്ന ഡ്രൈവർമാർ തയ്യാറായില്ല. ഒടുവിൽ 108 ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഈ സ്റ്റാൻഡിലെ ഡ്രൈവർമാർ വിസമ്മതിയ്ക്കാറുണ്ട്. ജീവൻരക്ഷയ്ക്കുപോലും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത ടാക്സി സ്റ്റാൻഡ് ഇനി പ്രവർത്തിക്കാൻ പാടില്ലെന്ന ബോർഡ് ഡി.വൈ.എഫ്.ഐ ജംഗ്ഷനിൽ സ്ഥാപിയ്ക്കുകയും ചെയ്തു.