foreigners

കിളിമാനൂർ: ജില്ലയിൽ കുടുംബശ്രീ സംവിധാനം ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കുന്ന പഞ്ചായത്തുകളിലൊന്നായ പുളിമാത്തിൽ കുടുംബശ്രീയെക്കുറിച്ച് പഠിക്കാ‍ൻ വിദേശ സംഘമെത്തി. ജപ്പാൻ, സ്വിറ്റ്സർലൻഡ് ആഫ്രിക്ക, ആസ്ട്രേലിയ, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് കുടുംബശ്രീ ജില്ലാമിഷന്റെ നിർദ്ദേശാനുസരണം പുളിമാത്ത് പഞ്ചായത്തിലെത്തിയത്. പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഹെക്ടർ കണക്കിന് തരിശ് നിലങ്ങളിൽ കൃഷിയിറക്കി വിജയിച്ചതിനെക്കുറിച്ച് പ്രതിനിധികൾ വിവരശേഖരണം നടത്തി. പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസ് .സംവിധാനം യോഗങ്ങൾ ചേരുന്ന രീതി, എ .ഡി .എസുകളുടെ പ്രവർത്തനം എന്നിവ സംഘം വിശദമായി പഠനത്തിന് വിധേയമാക്കി. സി. ഡി .എസിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കി വരുന്ന ജൈവ ഉത്പന്നങ്ങളുടെ വിപണനവും ,സ്ത്രീ ശാക്തീകരണവും സംഘം പഠനത്തിന് വിധേയമാക്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന വീടിന്റെ നിർമ്മാണ രീതികളും സംഘം പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു,സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി. ബിനു, ബി .എൻ. ജയകുമാർ, സി .ഡി .എസ് .ചെയർപേഴ്സൺ തങ്കമണി ആർ. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ഡി .സുനിത തുടങ്ങിയവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. കുടുംബശ്രീ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇവർ അഭിപ്രായപ്പെട്ടു.