വിഴിഞ്ഞം: നാലു മലയാളികളും അഞ്ചു വനിതകളും അടങ്ങിയ കരസേനാ സംഘം വൻതിരകളെയും കൊടുംകാറ്റിനെയും വകവയ്ക്കാതെ പായ്ക്കപ്പലിൽ ഇന്ത്യയുടെ തീരം ചുറ്റുകയാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിയ സംഘം യാത്ര തുടങ്ങിയത്
കഴിഞ്ഞ മാസം ബംഗാളിലെ ഹാൽ ദിയയിൽ നിന്നാണ്. ഈ മാസം അവസാനം പോർബന്തറിൽ അവസാനിക്കുമ്പോൾ ലിംക ബുക്ക് ഓഫ് റെക്കോഡിൽ സ്ഥാനം പിടിക്കും. യാത്ര അവസാനിക്കുമ്പോൾ 3650 നോട്ടിക്കൽ മൈലുകൾ പിന്നിട്ടിരിക്കും. സംഘത്തിൽ അമ്പത്തഞ്ചു പേരുണ്ട്. വിഴിഞ്ഞത്തു നിന്നു തിരിച്ച സംഘം കൊച്ചി, മാംഗ്ലൂർ ഗോവ മുംബൈ തീരങ്ങൾ ചുറ്റി ഈ മാസം അവസാനം ഗുജറാത്തിലെ പോർബന്തറിൽ യാത്ര പൂർത്തിയാക്കും.
മേജർ അലോക് കുമാർ യാദവാണ് ക്യാപ്ടൻ. കാസർകോട് നീലേശ്വരം സ്വദേശി സുബൈദാർ ദിലീപ് കുമാർ, കാഞ്ഞങ്ങാട് സ്വദേശി ക്യാപ്റ്റൻ അരുൺ, ഷൊർണൂർ സ്വദേശി ക്രാഫ്റ്റ് മാൻ റാം മോഹൻ, കണ്ണൂർ മട്ടന്നൂർ കുഴി ക്കൽ സ്വദേശി ഹവിൽദാർ ഹരീഷ്, ക്യാപ്റ്റൻ ലിജുരാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ലഫ്.സോനൽ, മേജർ മുക്ത, മേജർ രശ്മിൽ, ക്യാപ്റ്റൻ സ്വേത, ലഫ്. ക്യാപ്റ്റൻ പ്രിയ എന്നിവരാണ് വനിതകൾ. കരസേന ആദ്യമായാണ് ഈ യാത്ര നടത്തുന്നത്.
വിഴിഞ്ഞത്ത് എത്തിയപ്പോൾ തീരസംരക്ഷണസേന കമാൻഡന്റ് (ജെ.ജി) ജോർജ് ബേബിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.
ഫോട്ടോ: പായ്ക്കപ്പൽ സാഹസിക സഞ്ചാരികളായ സേനാംഗങ്ങൾ വിഴിഞ്ഞത്ത് എത്തിയപ്പോൾ
2. സാഹസിക യാത്രയ്ക്ക് വിഴിഞ്ഞത്ത് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ.