തിരുവനന്തപുരം: കാണാക്കയങ്ങളിലും ആഴങ്ങളിലും മുങ്ങിത്താണുപോയ ജീവനുകൾ തേടി സ്വജീവൻ മറന്ന് ഊളിയിട്ട് പോകുന്ന സ്കൂബ ഡൈവിംഗ് സംഘത്തിന്റെ ആശങ്കകളും പ്രതിസന്ധികളും ആരുമറിയിന്നില്ല. മെച്ചപ്പെട്ട ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാതെ ഏറെ പ്രതിസന്ധിയിലാണ് അതിസാഹസികവും അതിലേറെ അപകടകരവുമായ ജോലികൾ ചെയ്യുന്ന സ്‌കൂബ ഡൈവിംഗ് വിംഗ് ടീമംഗങ്ങൾ.
2011ലാണ് അഗ്നിശമന സേനയ്ക്ക് കീഴിൽ സ്‌കൂബ ഡൈവിംഗ് ടീം രൂപീകരിച്ചത്. പത്ത് ജില്ലകളിലായി സംസ്ഥാനത്തൊട്ടാകെ 300 അംഗങ്ങളാണ് സ്കൂബയ്ക്കുള്ളത്. ടീമില്ലാത്തയിടങ്ങളിൽ സമീപജില്ലയിലെ സംഘമാണ് ദൗത്യത്തിൽ ഏർപ്പെടുക. പത്ത് പേർ വീതമാണ് ഒരു ടീമിലുള്ളത്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ദ്ധ പരിശീലനം നൽകും. അഗ്നിശമന സേനയ്ക്ക് മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയാതെ വരുമ്പോഴാണ് സ്കൂബയുടെ സഹായം തേടുന്നത്. കായലിലും പുഴയിലും മുങ്ങിത്താഴുന്ന മൃതശരീരങ്ങൾ മുങ്ങിയെടുക്കുക എന്നതാണ് പ്രാഥമികമായി ഇവരുടെ ജോലി.
പലപ്പോഴും ഒരു ദിവസം മുഴുവൻ മുങ്ങിത്തപ്പിയാലും മൃതദേഹം കണ്ടെടുക്കാനികില്ല. അങ്ങനെ വരുമ്പോൾ അടുത്ത ദിവസവും മുങ്ങിത്തപ്പേണ്ടി വരും. ഒരു ദിവസം മുങ്ങിത്തപ്പിയാൽ പിന്നെ മൂന്ന് ദിവസം വിശ്രമം വേണമെന്നാണ് ചട്ടങ്ങളിലുള്ളത്. എന്നാൽ ഇതൊന്നും പാലിക്കപ്പെടാറില്ല.
ദൗത്യത്തിനിടെ മർദ്ദവ്യത്യാസത്തെ തുടർന്നോ സ്കൂബ അംഗം അബോധാവസ്ഥയിലോ മറ്റോ ആകാനുള്ള സാദ്ധ്യതയുള്ളതിനാൽ അപകടസാദ്ധ്യത കൂടിയ മേഖലയിൽ രണ്ട് പേർ വീതമാണ് മുങ്ങിത്തപ്പുക.
ആരോഗ്യ പ്രശ്നങ്ങൾ നിരവധി
മലിനമായ ജലവുമായുള്ള നിരന്തര സമ്പർക്കത്തെ തുടർന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇവർ അനുഭവിക്കുന്നുണ്ട്. നെഞ്ചിലുണ്ടാകുന്ന അണുബാധയാണ് ഏറ്റവും വലിയ പ്രശ്നം. മാത്രമല്ല ആഴത്തിലേക്ക് പോകുന്തോറും മർദ്ദം കുറയുകയും അതിലൂടെ മൂക്കിലേയും ചെവിയിലേയും രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥയും ഉണ്ടാകും. അതിനാൽ ഈ മേഖലയിലേക്ക് കടന്നുവരാൻ യുവാക്കൾ വിമുഖത കാണിക്കുന്നുണ്ട്. വന്നവർ പരിശീലന കാലത്ത് തന്നെ വിട്ടുപോയ സംഭവങ്ങളുമുണ്ട്. പൊലീസ് സേനയെ അപേക്ഷിച്ച് വളരെ കുറവാണ് ഇവരുടെ ശമ്പളം. മറ്റ് യാതൊരുവിധ ആനുകൂല്യങ്ങളും ഇല്ല. ഡൈംവിഗിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സഹായം ലഭിക്കുമെങ്കിലും പിന്നീടാണ് അണുബാധ കണ്ടെത്തുന്നതെങ്കിൽ ചികിത്സാച്ചെലവ് സ്വയം വഹിക്കണം.
സ്‌കൂബ
സെൽഫ് കണ്ടെയ്ൻഡ് അണ്ടർവാട്ടർ ബ്രീത്തിംഗ് അപ്പാരറ്റസ് എന്ന വാക്കിന്റെ ചുരുക്കമാണ് സ്‌കൂബ. ഓക്സിജൻ സിലിണ്ടർ, റെഗുലേറ്റർ, ഫേസ്‌മാസ്‌ക്, സ്യൂട്ട്, വിംഗ്സ്, ഷൂസ് എന്നിവയാണ് സ്കൂബ ഉപയോഗിക്കുന്നത്.