sivagiri

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സിലോൺ യാത്രയുടെ നൂറാം വാർഷികത്തിന്റെ ആഘോഷം ഈ മാസം 25ന് ശ്രീലങ്കയിൽ (സിലോൺ) നടക്കും. ഗുരുദേവൻ നടത്തിയ ഏക വിദേശയാത്രയാണിത്. 1918 സെപ്തംബർ 24നാണ് ഗുരുദേവൻ അവിടെ എത്തിയത്.

ശ്രീലങ്കൻ സമൂഹവും ശിവഗിരി മഠവും ചേർന്നാണ് ആഘോഷിക്കുന്നത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സച്ചിദാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ 24ന് ഇവിടെ നിന്ന് യാത്ര തിരിക്കും. ഭിലായ്, മുംബൈ, അഹമ്മദാബാദ്, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലെ ശ്രീനാരായണ സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന മറ്റൊരു സംഘവും പോകുന്നുണ്ട്.

ആഘോഷങ്ങൾക്ക് ശേഷം, നൂറ് വർഷം മുമ്പ് ഗുരുദേവനും സ്വാമി സത്യവ്രതൻ, സ്വാമി ബോധാനന്ദ, സ്വാമി ഹനുമാൻഗിരി, സ്വാമി രാമകൃഷ്ണാനന്ദ, ചെറുവാരി ഗോവിന്ദൻ ശിരസ്തദാർ ഉൾപെടെയുളള ശിഷ്യന്മാരും സഞ്ചരിച്ച വഴികളിലൂടെ സ്മൃതിയാത്രയും നടത്തിയശേഷം 28ന് മടങ്ങിയെത്തും.

ഗുരുദേവൻ 1918 സെപ്തംബർ 16ന് കൊച്ചിയിലെത്തി വിശ്രമിച്ചശേഷം ബോട്ടുമാർഗ്ഗം ആലപ്പുഴയിൽ എത്തുകയും അവിടെനിന്നു കൊല്ലം ചെങ്കോട്ട കുറ്റാലം തെങ്കാശി വഴി മധുരയിലെത്തുകയും ചെയ്തു. 22ന് രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തുകയും തൂവെളള വസ്ത്രധാരിയായിരുന്ന ഗുരുദേവൻ ഈ സന്ദർഭത്തിലാണ് ശിഷ്യന്മാരുടെ അഭ്യർത്ഥനയ്ക്ക് വഴങ്ങി ആദ്യമായി കാഷായ വസ്ത്രം ധരിച്ചത്. 24ന് ആറ് മണിക്ക് മണ്ഡപത്തു നിന്നു കപ്പൽ പുറപ്പെട്ടു. ഒൻപതു മണിയോടെ തലൈമന്നാർ മുനമ്പിലെത്തി. അവിടെ നിന്നു തീവണ്ടിയിലായിരുന്നു യാത്ര. സെപ്തംബർ 25ന് വെളുപ്പിന് കൊളംബോ നഗരത്തിലെ മർദാന സ്റ്റേഷനിലിറങ്ങി. ബുദ്ധഭിക്ഷുക്കളും മലയാളികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഗുരുവിന്റെ അനുഗ്രഹം തേടി എത്തിയത്. ഒക്ടോബർ 7ന് കേരളത്തിലേക്ക് മടങ്ങി.