dyfi

തിരുവനന്തപുരം: ഇന്ന് കോഴിക്കോട്ട് ആരംഭിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ഭാരവാഹി തിരഞ്ഞെടുപ്പിലടക്കം 37 വയസ് പ്രായപരിധി കർശനമാക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഡി.വൈ.എഫ്.ഐ ഫ്രാക്‌ഷൻ യോഗത്തിൽ 37 വയസ് കർശനമാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് അപ്രായോഗികമാണെന്ന വാദമുയർന്നതോടെ വെള്ളിയാഴ്ച ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു.

പ്രായപരിധി കർശനമാക്കിയിരുന്നെങ്കിൽ നിലവിലെ സംസ്ഥാനകമ്മിറ്റിയിൽ നിന്ന് നാല്പതോളം പേർ ഒഴിവാകുമായിരുന്നു. നിലവിൽ സംസ്ഥാന നേതൃനിരയിൽ സജീവമായ ചിലരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കണമെന്ന അഭിപ്രായം ശക്തമായതാണ് പ്രായപരിധിയിൽ ഇളവാകാമെന്ന തീരുമാനത്തിലെത്തിച്ചത്. സംഘടനയുടെ ഭരണഘടനയിൽ നാല്പത് വയസാണ് പ്രായപരിധി എന്നതിനാൽ അതുതന്നെ മതിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയുമടക്കം വാദിച്ചു.

നിലവിലെ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജും സെക്രട്ടറി എ.എൻ. ഷംസീറും ഭാരവാഹിത്വമൊഴിയും. സംസ്ഥാന ട്രഷറർ പി. ബിജുവും ഒഴിയും. പകരം നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് എ.എ. റഹിം, എസ്. സതീഷ്, എസ്.കെ. സജീഷ്, നിതിൻ കണിച്ചേരി എന്നീ പേരുകളാണ് ഭാരവാഹി പട്ടികയിലേക്ക് സജീവമായി പറഞ്ഞുകേൾക്കുന്നത്. 37 വയസ് നിർബന്ധമാക്കിയിരുന്നെങ്കിൽ ഇവരെല്ലാം ഒഴിവാകുമായിരുന്നു. സമ്മേളനത്തിൽ ബുധനാഴ്ചയാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുക.