കിളിമാനൂർ: "നിറ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ, ഭിത്തികളിലും, മതിലുകളിലും കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും, ക്ഷമയോടെ വിരട്ടലുകൾ ഒന്നും ഇല്ലാതെ പരാതി കേൾക്കുന്ന പൊലീസുകാർ" സ്വപ്നമൊന്നുമല്ല, പറഞ്ഞു വരുന്നത് കിളിമാനൂർ പൊലീസ് സ്റ്റേഷനെക്കുറിച്ചാണ്.
സംസ്ഥാനത്തൊട്ടാകെ പൊലീസിനെ കുറിച്ച് നിരവധി പരാതികൾ ഉയരുമ്പോൾ കിളിമാനൂർ പൊലീസ് അതിൽ നിന്നെല്ലാം വ്യത്യസ്ത പുലർത്തുകയാണ്. നിരവധി ജനോപകാരപ്രവർത്തികളിലൂടെയും, കർത്തവ്യ നിർവഹണത്തിലൂടെയും സംസ്ഥാനത്തൊട്ടാകെ മാതൃകയാകുകയാണ് ഇവിടത്തെ പൊലീസ്.
ക്ലീൻ കിളിമാനൂർ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുമ്പോഴും, കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിസരം ക്ലീനായിരുന്നില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 18ന് തൊണ്ടി മുതൽ നിറഞ്ഞൊര് പോലീസ് സ്റ്റേഷൻ എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസുകാരുടെ നേതൃത്വത്തിൽ ചില സന്നദ്ധ സംഘടനകളും, ക്ലബുകളും ചേർന്ന് സ്റ്റേഷനും പരിസരവും വൃത്തിയാക്കി. കേസുകളിൽ പ്പെട്ട് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന വാഹനങ്ങൾ കാരണം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്കും വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ട ഗതികേടിലായിരുന്നു. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും.
നിരവധി തവണ വാഹനങ്ങൾ മാറ്റുന്നതിന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. ഈ സന്ദർഭത്തിലാണ് സി.ഐ പി. അനിൽകുമാർ, എസ്.ഐ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനെ കൂടുതൽ ജനകീയവും ജനോപകാരപ്രദമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.