eraniel-palace-photo

കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ തക്കലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകമായ ഇരണിയൽ കൊട്ടാരം സംരക്ഷണമില്ലാതെ നശിക്കുന്നു. ഇപ്പോൾ തമിഴ്‌നാട് ദേവസ്വം ബോർഡിന് കീഴിലുള്ള കൊട്ടാരം പുരാവസ്തുവായി സംരക്ഷിക്കണമെന്ന നിരന്തര ആവശ്യം ആരും ചെവിക്കൊണ്ടില്ല. എട്ടാം നൂറ്റാണ്ടിൽ ചേരരാജക്കന്മാർ പണിതതാണ് കൊട്ടാരമെന്നാണ് ഐതിഹ്യം. ഇതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. അതേസമയം, മാർത്താണ്ഡവർമയുടെ കാലംവരെ തിരുവിതാംകൂറിലെ ഇളമുറത്തമ്പുരാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ചേരരാജാക്കന്മാർ പണിതതായി പറയപ്പെടുന്ന ഈ കൊട്ടാരം മാർത്താണ്ഡവർമ്മയുടെ കാലംവരെ ഭരണകേന്ദ്രമായി തുടർന്നിരുന്നു. നാലുകെട്ട് മാതൃകയിലുള്ള കൊട്ടാരത്തിലെ പിറകിലുള്ള വസന്ത മണ്ഡപത്തിൽ ചേരമാൻ പെരുമാൾ ഉപയോഗിച്ചതായി കരുതുന്ന ഒറ്റക്കൽ കിടക്ക ഇപ്പോഴും അവശേഷിക്കുന്നു. എന്നാൽ ചിത്രപണികളോടെ നിർമ്മിച്ചിരിക്കുന്ന വസന്ത മണ്ഡപത്തിന്റെ മേൽക്കൂര നിലം പതിച്ചിരിക്കുകയാണ്. കൊട്ടാരമുറ്റത്തെ കുളവും തകർന്ന് കാടുപിടിച്ച നിലയിലാണ്. കൊട്ടാരം പുതുക്കിപ്പണിയാനുള്ള നടപടികൾ പലപ്രാവശ്യം സ്വീകരിച്ചെങ്കിലും ഇതുവരെയും മേൽ നടപടികൾ ഉണ്ടായിട്ടില്ല. 2014 ൽ മുഖ്യമന്ത്രിയായിരുന്ന ജയലളിത കൊട്ടാരം നവീകരണത്തിനായി മൂന്നര കോടിയോളം രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം പണികൾ നടന്നില്ല. കൊട്ടാരം സംരക്ഷിക്കാനായി അന്നത്തെ കളക്ടർ നാഗരാജൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. എന്നാൽ കൊട്ടാരത്തിന് ചുമതലവഹിക്കുന്ന ദേവസ്വം അധികൃതരുടെ തണുപ്പൻ നടപടികളെ തുടർന്നാണ് കൊട്ടാരം ഈ ഗതിയിലായതെന്ന് ജനങ്ങളും സാമൂഹ്യപ്രവർത്തകരും ആരോപിക്കുന്നു. ചരിത്ര പ്രധാനമായ കൊട്ടാരത്തിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചരിത്ര വഴിയേ

ഒരുകാലത്ത് നാഞ്ചിനാട് അടക്കമുള്ളവയുടെ ഭരണം നടത്തിയിരുന്നത് ഇരണിയലിൽ ഇരുന്നാണെന്നും മാർത്താണ്ഡവർമയുടെ കാലത്ത് ഇളമുറക്കാർ ഇല്ലാതിരുന്നതിനാൽ നെയ്യാറ്റിൻകര, ഇരണിയൽ കൊട്ടാരങ്ങൾ അനാഥമാവുകയായിരുന്നെന്നുമാണ്ചരിത്രകാരന്മാർ പറയുന്നത്. പത്മനാഭപുരം തന്റെ ആസ്ഥാനമാക്കി മാർത്താണ്ഡവർമ ഭരണം തുടർന്നതോടെ ഈ കൊട്ടാരത്തിലേക്ക് രാജാക്കന്മാർ പോകാതെയായി. പിന്നീട് വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചത് ഇരണിയൽ കൊട്ടാരം കേന്ദ്രീകരിച്ചായിരുന്നു.

സംസ്ഥാന രൂപവത്കരണത്തോടെ തമിഴ്‌നാടിന്റെ ഭാഗമായി മാറിയ കൊട്ടാരത്തിന്റെ സംരക്ഷണ ചുമതല തമിഴ്‌നാട് ദേവസ്വത്തിനായിരുന്നു. കുറച്ചു കാലം തമിഴ്‌നാട് സിവിൽസപ്ലൈസ് വകുപ്പ് ഗോഡൗണായും കൊട്ടാരത്തെ ഉപയോഗിച്ചു. 2004ൽ പുരാവസ്തുവകുപ്പ് ഡയറക്ടറായിരുന്ന വി.മന്മഥൻ നായരുടെ നേതൃത്വത്തിൽ കൊട്ടാര പുനരുദ്ധാരണത്തിന് വിശാലമായ പദ്ധതി കേരള സർക്കാരിന് സമർപ്പിച്ചിരുന്നു. പുനരുദ്ധരിക്കാനായില്ലെങ്കിൽ കൊട്ടാരത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിക്കാൻ അനുമതി തേടിയിരുന്നെങ്കിലും അതൊന്നും നടപ്പായില്ല.