കുന്നത്തുകാൽ: ദേശീയപാതയിൽ ഉദിയൻകുളങ്ങരയിൽ രാത്രിയിൽ നടത്തിയ റോഡ് ടാറിംഗ് പുലരും മുമ്പ് തന്നെ പൊളിഞ്ഞു. ശനിയാഴ്ച രാത്രി 12 നു ശേഷമായിരുന്നു ടാറിംഗ് നടന്നത്. നാട്ടുകാരുടെ കണ്ണിൽപ്പെടാതെ ജംഗ്ഷനിലെ വൻകുഴികൾ നികത്തി കരാറുകാർ മടങ്ങി മണിക്കൂറുകൾക്കകം റോഡ് പഴയപടിയായി. പാറശാല മുതൽ അമരവിള വരെയുള്ള ദേശീയപാതയോരത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികരായ ഏഴോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ദേശീയ പാതയുടെ അറ്റകുറ്റപണിയുടെ മറവിൽ അശാസ്ത്രീയമായ രീതിയിൽ പണി നടത്തി നാട്ടുകാരുടെ കണ്ണിൽപ്പെടാതെ കരാറുകാർ മുങ്ങുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്ക് നവീകരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയാണ് കരാർ നൽകിയിട്ടുള്ളത്. എന്നാൽ പ്രത്യേക സാഹചര്യത്തിലുണ്ടാകാവുന്ന പണികൾക്കും കാലവർഷക്കെടുതിയാൽ നഷ്ടപ്പെടുന്ന റോഡ് പണിക്കും പ്രത്യേക അലവൻസ് ഏർപ്പെടുത്തിയിരിക്കുന്നത് കരാറുകാർക്ക് ചാകരയാണ്. രാത്രി കാലങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ കുഴികൾ അടയ്ക്കുകയും അവ ചിത്രമെടുത്ത് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതോറിറ്റിയെ സമീപിച്ച് ബില്ലുകൾ മാറുന്നതായും ആരോപണമുണ്ട്. ദേശീയപാതയിലെ ചില ഭാഗങ്ങളിൽ കുഴികൾ കാരണം പ്രവൃത്തി ദിവസങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ദേശീയപാതയോരത്തെ അറ്റകുറ്റപണികൾ നടക്കുന്നിടത്തും സഞ്ചാരയോഗ്യമല്ലാത്ത ഭാഗങ്ങളെ കുറിച്ചുമുള്ള ദേശീയ പാത അതോറട്ടിയുടെ പരിശോധനകൾ നാമം മാത്രമായി കുറഞ്ഞതുമാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.