തിരുവനന്തപുരം:നെയ്യാറ്റിൻകരക്കേസ് അട്ടിമറിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആരോപിച്ചു.വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട യുവാവ് കൊല്ലപ്പെട്ട് ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല.
ഐ.ജിക്ക് അന്വേഷണച്ചുമതല നൽകിയതും ഫലപ്രദമാവില്ല.സി.ബി.ഐ അന്വേഷിക്കണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പൊലീസിന്റെ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കും.വരാപ്പുഴ ശ്രീജിത്ത് കേസിന്റെ അവസ്ഥ ഇവിടെയും സംഭവിക്കും.
തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് പ്രതിയെ ഒളിപ്പിച്ചത്. ഹരികുമാറും സി.പി.എം നേതാക്കളുമായുള്ള അവിശുദ്ധബന്ധം നാട്ടിൽ പാട്ടാണ്. സാക്ഷികളെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നു. പൊലീസ് സംരക്ഷണം ഇല്ലാത്തതിനാൽ സാക്ഷികൾ ഭയപ്പാടിലാണ്.സനൽകുമാറിന്റെ വിധവയും രണ്ട് പിഞ്ചുകുട്ടികളും സമരത്തിനിറങ്ങാൻ ഇടവരുത്തരുതെന്നും ചെന്നിത്തല പറഞ്ഞു.