aratukadavu

നേമം: മലിനജലത്താൽ ചുറ്റപ്പെട്ട വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടിരിക്കുകയാണ് വെള്ളായണിക്ക് സമീപത്തെ ആറാട്ട് കടവിലെ കുടുംബങ്ങൾ. വീടിനു പുറത്തേക്ക് നോക്കിയാൽ ചുറ്റും വെള്ളം മാത്രമാണ് കാണാനാവുക. മലിനജലത്തിൽ ചവിട്ടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇവർക്ക്. വെള്ളായണി പാടശേഖരത്തിൽ ഉൾപ്പെട്ട കാഞ്ഞിരത്തടി പാടശേഖരത്തിനും പള്ളിച്ചൽ തോടിനുമിടയിലുള്ള കല്ലിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ജനങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞയാഴ്ച മരിച്ച രമ ദേവിയുടെ മരണാനന്തര ചടങ്ങുകൾ പോലും വെള്ളക്കെട്ട് കാരണം വീട്ടു വളപ്പിൽ നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ ശ്മശാനത്തിലാണ് സംസ്കാരം നടത്തിയത്. പാടശേഖരത്തിന്റെ പമ്പ് ഹൗസ് വഴി പമ്പിംഗ് നിന്നതോടെയാണ് പ്രദേശത്ത് വെള്ളം കയറി തുടങ്ങിയത്. കഴിഞ്ഞ പ്രളയത്തിൽ പമ്പ് ഹൗസിൽ വെള്ളവും ചെളിവും കയറിയതോടെ മോട്ടറും പമ്പും കേടായി. പാടശേഖരത്തെ വെള്ളം നിറയുന്നതിനു മുമ്പ് തന്നെ പമ്പു ചെയ്ത് കളയാറാണ് പതിവ്. വെള്ളായണി കായലിനേയും കരമനയാറിനേയും ബന്ധിപ്പിക്കുന്ന കന്നുകാലി ചാനലിലേക്കാണ് വെള്ളം ഒഴുക്കി വിടുന്നത്. ഈ പ്രവർത്തനം നിന്നതോടെയാണ് പ്രദേശത്ത് മാലിനജലം നിറഞ്ഞത്. പള്ളിച്ചൽ ചെറുകിട ജലസേചന വകുപ്പിന്റെ അധികാര പരിധിയിലാണ് ഈ പമ്പു ഹൗസ്. നേമം, വെള്ളായണി, കല്ലിയൂർ, കൂടാതെ സിറ്റി പ്രദേശങ്ങളിലെ കോഴി വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ വെള്ളായണി മേഖലയിൽ നിക്ഷേപിക്കുന്നത്. പാടശേഖരങ്ങളിലും അവയുടെ കരയിൽ നിർമ്മിച്ചിട്ടുള്ള വീടുകളുടെ ചുറ്റും അടിയുന്നത് സാംക്രമിക രോഗങ്ങൾ പടരാൻ കാരണമാവുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.