cpm

തിരുവനന്തപുരം: മെഡിക്കൽ കോളേജ് നഴ്സിംഗ് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ചതിന്റെ വാർത്ത നൽകിയതിന്റെ പേരിൽ കേരളകൗമുദി ഓഫീസിൽ അതിക്രമം കാണിച്ച സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് വഞ്ചിയൂർ ഏര്യാകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ സി.പി.എം അപലപിക്കുന്നു. പാർട്ടി ഓഫീസിനെ കുറിച്ച് വാർത്തയിലുള്ള പരാമർശങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഏര്യാകമ്മിറ്റി വ്യക്തമാക്കി.

കേരളകൗമുദി പത്രത്തോടും ജീവനക്കാരോടും വളരെ അടുത്ത സൗഹൃദമാണ് സി.പി.​എമ്മിനുള്ളത്. കഞ്ചാവ് മാഫിയകളുടേയും സാമൂഹ്യവിരുദ്ധന്മാരുടേയും താവളമായി സി.പി.എം ഓഫീസുകൾ മാറില്ല. അതിനാൽ തന്നെ പ്രതികൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ഫ്ളാഷിലും ഓൺലൈനിലും നൽകിയ വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് കേരളകൗമുദി ഓഫീസിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവനക്കാരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.