വെള്ളറട: അടിക്കടിയുള്ള മഴയും മഞ്ഞും ആരംഭിച്ചതോടെ മലയോര മേഖല വൈറൽ പനിയുടെ പിടിയിലമർന്നു. മേഖലയിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്ന രോഗികളുടെ നീണ്ട നിരതന്നെ കാണാം. പനി പടർന്നിട്ട് ഒരാഴ്ചയിലേറെയായി. മറ്റു പകർച്ചപ്പനികളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പനി ബാധിക്കുന്നവർക്ക് കൗണ്ട് കുറയുന്നതായും കണ്ടുവരുന്നുണ്ട്. ഒരു കുടുംബത്തിലെ എല്ലാപേർക്കും പനിബാധിക്കുന്നുണ്ട്. മലയോര മേഖലയുടെ ആശ്രയകേന്ദ്രമായ വെള്ളറട സർക്കാർ ആശുപത്രിയിൽ പനി ബാധിച്ച് എത്തുന്നവരുടെ നീണ്ട നിരതന്നെ കാണാം. വൈറൽ പനിക്കു പുറമേ ബാക്ടീരിയ മൂലമുണ്ടാകുന്ന പനിയുമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കാര്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മറ്റു പകർച്ചപ്പനികളും പടരാനുള്ള സാദ്ധ്യത കൂടുതലാണ്. കൊതുകുകൾ പെറ്റു പെരുകുന്നത് പനി പടരാൻ പ്രധാന കാരണമായി. മലയോര മേഖലകളിൽ ഇപ്പോൾ വല്ലപ്പോഴുമാണ് റബർ ടാപ്പിംഗ് നടക്കുന്നത്. ഇതുകാരണം ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെറ്റുപെരുകുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അധികൃതർ വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നത് ഉറപ്പാണ്.
പ്രധാനം പ്രതിരോധം
പ്രതിരോധമാണ് ചികിത്സയെക്കാൾ പ്രധാനം എന്നത് പനിയുടെ കാര്യത്തിൽ ഏറെ പ്രസക്തമാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണശുചിത്വം, ഒൗഷധങ്ങളുടെ ഉപയോഗം തുടങ്ങിയവയിലൂടെ പനിയെ പ്രതിരോധിക്കാനാവും. അലോപ്പതിയോട് അരോചകമുള്ളവർക്ക് ച്യവനപ്രാശം, അമൃതപ്രാശം, ബ്രഹ്മരസായനം, ദശമൂല കടമത്രയം കഷായം, ഇന്ദുകാന്തം കഷായം, ഇന്ദുകാന്ത ഘൃതം, അമൃതാരിഷ്ടം, ദശമൂലരാഷ്ടം, വില്വാദി ഗുളിക, ദ്രാക്ഷാദി കഷായം, അഗസ്ത്യരസായനം തുടങ്ങി പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്ന ഒൗഷധങ്ങൾ ഡോക്ടറുടെ നിർദേശാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
പനി പടരാതിരിക്കാൻ
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി ഇവ ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തുക.
പകർച്ചപ്പനി ബാധിച്ച രോഗിക്ക് പൂർണ വിശ്രമം നൽകുക
ശുചിത്വം കർശനമായി പാലിക്കുക
യാത്രയും ജോലിക്ക് പോകുന്നതും ഒഴിവാക്കുക
സ്വയം ചികിത്സ ഒഴിവാക്കുക
പനിയുടെ തുടക്കത്തിൽ തന്നെ വൈദ്യ ചികിത്സ തേടുക
വൈറൽപ്പനി
വൈറൽപ്പനി വായുവിലൂടെ പകരുന്ന രോഗമാണ്. വൈറസുകളാണ് രോഗാണുക്കൾ. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്ത്മ ബാധിതരെ വൈറൽപനി ബാധിക്കുമ്പോൾ അസുഖം കൂടാറുണ്ട്. ചികിത്സക്കൊപ്പം വിശ്രമവും വേണ്ടിവരും.
പേടിക്കേണ്ട പക്ഷേ സൂക്ഷിക്കണം
1.പരിസരങ്ങളിലെ ഒഴിഞ്ഞ പാട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട ഇവ നീക്കം ചെയ്യുക.
2.ടെറസിലും ചെടിച്ചട്ടികളിലും മറ്റും ശേഖരിച്ചിരിക്കുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
3.വീടിനുചുറ്റുമുള്ള ചെടികളും പുല്ലും വെട്ടി ചെറുതാക്കണം.
4.വെള്ളക്കെട്ടുകൾക്ക് മീതെ ഡീസൽ, മണ്ണെണ്ണ ഇവ തളിക്കുക
5.മാസത്തിൽ വീട്ടിൽ ഡി.ഡി.ടി., പൈറിത്രം ഇവ സ്‌പ്രേ ചെയ്യണം.