പൊലീസ് പാസ് നടപ്പാക്കാനാവാത്ത
തലതിരിഞ്ഞ ഉത്തരവ്
തിരുവനന്തപുരം: വർഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണത്തിനും വർഗീയതയ്‌ക്കെതിരെയും കെ.പി.സി.സി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പാർട്ടി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പദയാത്ര പാളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സവർണനും അവർണനും തമ്മിലുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രി ചിത്രീകരിക്കുന്നു. അത് ശരിയല്ല. അവിടെ നടക്കുന്നത് വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ക്ഷേത്രകാര്യങ്ങൾ തീരുമാനിക്കേണ്ടത് തന്ത്രിയും ആചാര്യൻമാരുമാണ്. മുഖ്യമന്ത്രിയല്ല.
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയത് ആ തീർത്ഥാടനത്തോട് സർക്കാരിന് അലർജിയായതുകൊണ്ടാണ്. പാസ് എടുക്കുന്നത് പ്രായോഗികമല്ല. തലതിരിഞ്ഞ സർക്കാരായതു കൊണ്ടാണ് തലതിരിഞ്ഞ ഉത്തരവ് വരുന്നത്. മണ്ഡലകാലത്ത് അഞ്ച് കോടി ഭക്തർ എത്തുന്നുണ്ട്. ഇനി എഴുപത് ലക്ഷം മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തീർത്ഥാടനത്തെ അട്ടിമറിക്കാനാണ്.
ശബരിമലയുടെ പേരിൽ ബി.ജെ.പി നടത്തുന്ന മുതലെടുപ്പ് ജനങ്ങൾ തള്ളിക്കളയും. ശ്രീധരൻപിള്ള വച്ച കെണിയിൽ അദ്ദേഹം തന്നെ വീണു. കേരളത്തിന്റെ മണ്ണിൽ ബി.ജെപിയുടെ താമര വാടുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷനായിരുന്നു. ജാഥാ ചീഫ് കോ-ഓർഡിനേറ്റർ ടി.ശരത്ചന്ദ്രപ്രസാദ്, എം.എൽ.എമാരായ വി.എസ് ശിവകുമാർ, എം.വിൻസെന്റ്, കെ.എസ് ശബരിനാഥൻ, കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവി, മൺവിള രാധാകൃഷ്ണൻ, സി.ആർ ജയപ്രകാശ്, ശൂരനാട് രാജശേഖരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, പന്തളം സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പതാക കെ.മുരളീധരന് കൈമാറി. ഇന്നലെ വെഞ്ഞാറമൂട് സമാപിച്ച യാത്ര ഇന്ന് രാവിലെ ജില്ലാ അതിർത്തിയായ വാഴോട് നിന്നാരംഭിക്കും.
മുരളീധരന്റെ യാത്രയും കാസർകോട്ടുനിന്ന് കെ. സുധാകരൻ നയിക്കുന്ന യാത്രയും തൊടുപുഴയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന യാത്രയും 15ന് വൈകിട്ട് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ സംഗമിക്കും.സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.