തിരുവനന്തപുരം:പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെല്ലാം സാമ്പത്തികപ്രതിസന്ധി കാരണം പാതിവഴിയിൽ നിൽക്കുന്നു. നവകേരള നിർമ്മാണത്തിന് 31,000 കോടി രൂപയെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. എന്നാൽ കേന്ദ്ര ദുരന്തനിവാരണസഹായ പദ്ധതിയിലെ മാനദണ്ഡമനുസരിച്ച് കിട്ടുക 4796 കോടിരൂപ മാത്രമാണ്. കൂടുതൽ തുക ലഭിക്കണമെങ്കിൽ കേരളത്തിന് മാത്രമായി മാനദണ്ഡങ്ങളിൽ ഇളവുവരുത്തുകയോ വായ്പാപരിധി ജി.ഡി.പിയുടെ 3ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയർത്തുകയോ വേണം. ഇതൊന്നും കേന്ദ്രസർക്കാർ അനുവദിക്കാനിടയില്ല. സർക്കാർ ജീവനക്കാരിൽ നിന്ന് ശമ്പളം പിടിച്ച് 3500 കോടിരൂപ കണ്ടെത്താനുള്ള നീക്കവും പാളി. മന്ത്രിമാർ വിദേശത്ത്പോയി അഭ്യുദയകാംക്ഷികളിൽനിന്ന് പണപ്പിരിവ് നടത്താനും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. അതേസമയം നവകേരള നിർമ്മാണത്തിന്റെ സാമ്പത്തിക, വികസനപദ്ധതികളുടെ ചർച്ചയ്ക്കായി ലോകബാങ്കിന്റെ പ്രതിനിധികൾ ഇൗയാഴ്ച കേരളത്തിലെത്തും. ലോകബാങ്കിൽ നിന്ന് 7200കോടി രൂപയാണ് കേരളം പ്രതീക്ഷിക്കുന്നത്. 3500കോടിയുടെ വായ്പയുടെ കാര്യത്തിൽ മാത്രമേ തീരുമാനമായിട്ടുള്ളു.
ക്രൗഡ് ഫണ്ടിംഗ്: ലഭിച്ചത് വെറും 150 രൂപ !
ഒാരോ പുനർനിർമ്മാണ പദ്ധതിക്കും വലിയൊരുവിഭാഗം ജനങ്ങളിലോ,സ്ഥാപനങ്ങളിലോ നിന്ന് ചെറുതും വലുതുമായ സംഭാവനകളും വായ്പകളും സമാഹരിച്ച് പദ്ധതി പൂർത്തിയാക്കുന്നതാണ് ക്രൗഡ് ഫണ്ടിംഗ്. പ്രധാനമായും ഒാൺലൈൻ വഴിയാണിത് നടപ്പാക്കുക. കൂടുതൽ സുതാര്യമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇൗആശയം ഒക്ടോബർ 15ന് സർക്കാർ തുടങ്ങിയെങ്കിലും ഇതുവരെ കിട്ടിയത് വെറും 150 രൂപയാണ്. അതും 9 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ആലപ്പുഴയിലെ ഭവനനിർമ്മാണ പദ്ധതിക്ക് !
കളംവിട്ട് കെ.പി.എം.ജി
പ്രളയമുണ്ടായ ഉടനെ സൗജന്യ കൺസൾട്ടൻസി സേവനവാഗ്ദാനവുമായി അന്താരാഷ്ട്രതലത്തിലെ പ്രമുഖ ഏജൻസിയായ കെ.പി.എം.ജി രംഗത്തെത്തിയിരുന്നു. ഒരുമാസത്തിനകം വിശദമായ റിപ്പോർട്ടും ക്രൗഡ് ഫണ്ടിംഗ് ആശയവും അവർ നൽകി. ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാൻ മികച്ച പ്രൊജക്ട് റിപ്പോർട്ട് ആവശ്യമാണെന്ന അനുമാനത്തിലാണ് കെ.പി.എം.ജിയുടെ സേവനം സ്വീകരിച്ചത്. എന്നാൽ ഇനിയങ്ങോട്ട് വായ്പയെടുക്കുന്നത് ലക്ഷ്യമിട്ട് ഒാരോ പ്രൊജക്ടിനും വിശദമായ റിപ്പോർട്ട് ലോകബാങ്കിനും കേന്ദ്രഏജൻസികൾക്കും നൽകേണ്ടിവരും. ഇത് സൗജന്യമായി നൽകാനാവില്ലെന്നാണ് കെ.പി.എം.ജിയുടെ നിലപാട്. കെ.പി.എം.ജിക്ക് ഏഴ് കോടിയിൽ പരം രൂപയുടെ ഇതര സർക്കാർ ഒാർഡറുകൾ നൽകിയെങ്കിലും പ്രളയപുനർനിർമ്മാണ പ്രവർത്തനത്തിൽ ഇനിയും സൗജന്യം വേണ്ടെന്ന നിലപാടിൽ നിന്ന് അവർ മാറിയില്ല. ഇതേതുടർന്ന് കൂടുതൽ കൺസൾട്ടൻസിമാരുടെ സേവനംതേടി ആഗോളപരസ്യം നൽകാൻ പ്രളയപുനർനിർമ്മാണസമിതി നിർദ്ദേശിച്ചിട്ടുണ്ട്.സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
പുനർനിർമ്മാണത്തിന് ഇതുവരെ ലഭിച്ചത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് 1680 കോടി
കേന്ദ്രസഹായം 600കോടി
ഇതരസംസ്ഥാനങ്ങളുടെ സഹായം 200കോടി
സാലറിചലഞ്ചിൽ ഇതുവരെ കിട്ടിയത് 420കോടി
ആകെ 2900കോടി രൂപ
ഇതുവരെ ചെലവായത്
10000രൂപയുടെ പ്രാരംഭസഹായം 620കോടി
4ലക്ഷം രൂപയുടെ ഭവനസഹായം 16കോടി
പുനർനിർമ്മാണത്തിന് വേണ്ടത് 31000 കോടി,
കിട്ടിയത് 2900കോടി,
കേന്ദ്രസഹായവാഗ്ദാനം 4796 കോടി.
ചെലവ് പ്രതീക്ഷിക്കുന്നത്
റോഡ് 10046കോടി
വീട് 5443 കോടി
കൃഷി 4498കോടി
തൊഴിൽ 3896 കോടി
മറ്റ് സൗകര്യങ്ങൾ 2446കോടി
ജലസേചനം 1483കോടി
കുടിവെള്ളവുംമറ്റ് സൗകര്യങ്ങളും 1331കോടി
ആകെ 31000 കോടി