murali

തിരുവനന്തപുരം: ശബരിമലയിൽ ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കഴിയുന്നതെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ ചോദിച്ചു. വിശ്വാസ സംരക്ഷണത്തിനും വർഗീയതയ്‌ക്കെതിരെയും കെ.പി.സി.സി നടത്തുന്ന പദയാത്രയുടെ ഭാഗമായി തിരുവനന്തപുരം പാളയത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അദ്ദേഹം.

ശബരിമലയിൽ സന്ദർഭോചിതമായാണ് പൊലീസ് ഇടപെട്ടതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ആർ.എസ്.എസുകാർ അഴിഞ്ഞാടിയപ്പോൾ നോക്കിനിന്നതാണോ സന്ദർഭോചിതം? പകൽ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ആർ.എസ്.എസ്സുമായി ബന്ധപ്പെടുകയും ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. പണ്ട് കൂത്തുപറമ്പ് ഇലക് ഷനിൽ വോട്ട് നൽകി സഹായിച്ചതിനുള്ള നന്ദി ഇപ്പോഴും പിണറായി വിജയൻ ആർ.എസ്.എസിനോട് കാട്ടുകയാണ്. എന്തുകൊണ്ടാണ് വിവാദപ്രസംഗം നടത്തിയ ശ്രീധരൻപിള്ളയെ അറസ്റ്റുചെയ്യാത്തത്. ലോക് നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കുമ്പോൾ ആർ.എസ്.എസ് അജൻഡ മാത്രമേ നടപ്പാകൂവെന്നും മുരളീധരൻ പറഞ്ഞു.