fire
family plastics, fire, trivandrum, fire force, police

തിരുവനന്തപുരം: മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഫാക്‌ടറിക് തീവച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കേസിൽ അറസ്റ്റിലായ ബിനു, വിമൽ എം. നായർ എന്നിവരെ വർക്കല ‌ജു‌ഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതികളെ ഉടൻ കസ്റ്രഡിയിൽ വാങ്ങുമെന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ. സുരേഷ് പറഞ്ഞു. അ‌ഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് നൽകും. ചോദ്യം ചെയ്യലിന് ശേഷമേ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനാകൂയെന്നും പൊലീസ് പറഞ്ഞു.

ഫാക്ടറി കത്തിക്കാനുപയോഗിച്ച ലൈറ്റർ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് ദിവത്തിനുള്ളിൽ ലഭിക്കുന്ന ശാസ്ത്രീയ പരിശോധന തെളിവും പ്രതികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടോയെന്നും പരിശോധിക്കണം. കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇത്തരം നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം. ശനിയാഴ്ചയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശമ്പളം വെട്ടികുറച്ചതിലുള്ള വൈരാഗ്യമാണ് തീവയ്‌ക്കാൻ കാരണമെന്നാണ് പ്രതികളുടെ കുറ്റസമ്മതം.

കഴിഞ്ഞ മാസം 31 നാണ് മൺവിള ഫാമിലി പ്ലാസ്റ്റിക്കിൽ തീപിടിത്തമുണ്ടായത്. സംഭവദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. തീപിടിത്തത്തിന് മുമ്പ് വിമലും ബിനുവം മൂന്നാം നിലയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ തീ കത്തിക്കുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് കമ്പനിയിലെ നാല് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാൽ വിട്ടയച്ചു.

കഴക്കൂട്ടം എ.സി.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ സുരേഷ്.എസ്.വൈ, എസ്.ഐമാരായ സുധീഷ്‌കുമാർ, റോയ്, ഷാജി, വിജയകുമാർ, എ.എസ്.ഐമാരായ ബിജു, ശ്യാംലാൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.