v

കടയ്ക്കാവൂർ: ഉറ്റവരും ഉടയവരും ഉപേക്ഷിച്ച വൃദ്ധന് ഗാന്ധിഭവൻ അഭയം നൽകി. കീഴാറ്റിങ്ങൽ രാമപുരത്ത് ബാലകൃഷ്ണൻനായർ(75)ക്കാണ് ഗാന്ധിഭവൻ ആശ്രയമായത്. വീടും പുരയിടവും മക്കൾക്ക് കൊടുത്തിട്ട് വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട ബാലകൃഷ്ണൻ വാർദ്ധക്യം മൂലം ജോലിചെയ്യാൻ കഴിയാതായതോടെ തിരിച്ച് നാട്ടിലെത്തുകയായിരുന്നു. എന്നാൽ മക്കൾ എവിടെയാണെന്നറിയാതെ കടത്തിണ്ണകളിൽ അഭയം പ്രാപിച്ച ഇദ്ദേഹത്തിന്റെ ദുരവസ്ഥ നാട്ടുകാർ കടയ്ക്കാവൂർ എസ്.ഐ. സെന്തിൽ കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഇദ്ദേഹം ചിറയിൻകീഴ് പഞ്ചായത്ത് മെമ്പർ ജയന്റെ സഹകരണത്തോടെ ഗാന്ധിഭവനുമായി ബന്ധപ്പെടുകയുമായിരുന്നു. പിന്നീട് ഗാന്ധിഭവൻ ജില്ലാ കോ-ഓർഡിനേറ്റർ വക്കം ഷാജഹാനും ഗാന്ധിഭവൻ ഭാരവാഹികളും കടയ്ക്കാവൂർപൊലീസ് സ്റ്റേഷനിൽ എത്തി ബാലകൃഷ്ണൻ നായരെ ഏറ്റെടുത്തു.