ആറ്റിങ്ങൽ: അപൂർവ രോഗം ബാധിച്ച അക്ഷയും അവനെ സംരക്ഷിക്കുന്ന മുത്തശ്ശിയും ദുരിതക്കയത്തിൽ. അക്ഷയ്ക്ക് ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയില്ല. മുത്തശ്ശിയുടെ നോട്ടമൊന്നു തെറ്റിയാൽ അവൻ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ ഓടും. മറിഞ്ഞുവീണ് ദേഹം ചതയും. ചിലപ്പോൾ ബഹളംകൂട്ടും. ചിലപ്പോഴൊക്കെ അവൻ മുത്തശ്ശിയുടെ മുഖത്ത് ശാന്തമായി നോക്കും. ആ നോട്ടത്തിൽ മുത്തശ്ശി തന്റെ എല്ലാ പ്രയാസങ്ങളും മറക്കും. ആറ്റിങ്ങൽ അവനവഞ്ചേരി ഊരുപൊയ്ക രജീഷ്ഭവനിൽ ശാന്തകുമാരിയുടെ മകളുടെ മൂത്ത മകനായ അക്ഷയ് (11) ആണ് മാനസിക വെല്ലുവിളിയും ശാരീരികബുദ്ധിമുട്ടുകളും നേരിടുന്നത്. അമൃത അനുജത്തിയാണ്. എട്ട് വർഷം മുമ്പ് ഈ കുരുന്നുകളെ ഉപേക്ഷിച്ച് അമ്മ വീടുവിട്ടു പോയി. എങ്കിലും അച്ഛൻ വിജയകുമാർ കൂട്ടിനുണ്ടായിരുന്നു. അക്ഷയിന്റെ ചികിത്സയും വീട്ടുചെലവുകളുമെല്ലാം വിജയകുമാറിന്റെ വരുമാനത്തിലാണ് നടന്നിരുന്നത്. ഒരുമാസം മുമ്പ് വിജയകുമാർ മരിച്ചതോടെ ശാന്തകുമാരിയും കുഞ്ഞുങ്ങളും നിരാലംബരായി. കൈക്കുഞ്ഞായിരിക്കുമ്പോൾ ജന്നി വന്നതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് അക്ഷയ്ക്ക് ഈ അവസ്ഥ സമ്മാനിച്ചത്. തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കൽ സെന്ററിലാണ് ചികിത്സ. ആദ്യകാലത്ത് വേദനയും വിശപ്പുമൊന്നും അവൻ അറിഞ്ഞിരുന്നില്ല. ചികിത്സയെത്തുടർന്ന് ഇപ്പോൾ ചില വാക്കുകൾ സംസാരിക്കും. വേദനയും വിശപ്പും തിരിച്ചറിയാനും കഴിയും. ഇനിയും ഏറെനാളത്തെ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമൃതയെ ഒരു ബോർഡിംഗ് സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കുകയാണ്. പഠനവും താമസവുമെല്ലാം അവിടെ സൗജന്യമാണ്. അക്ഷയ് മണ്ണന്തലയിലുള്ള പ്ലേ ഹോമിലുമാണ്. അവന്റെ ഒരുമാസത്തെ മരുന്നിനു മാത്രം മൂവായിരത്തിലധികം രൂപ വേണം. മറ്റ് ചെലവുകൾ വേറെ. എന്തെങ്കിലും ജോലിക്ക് പോകാനുള്ള ശാരീരികശേഷി ശാന്തകുമാരിക്കുമില്ല. മാത്രമല്ല ഈ കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോകാനും കഴിയില്ല. വിവാഹം കഴിച്ച് മറ്റൊരിടത്ത് താമസിക്കുന്ന മകൻ ഇവരെ സഹായിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പരാധീനതകളുണ്ട്.
ബന്ധുക്കളും നാട്ടുകാരും നൽകുന്ന സഹായങ്ങൾ മാത്രമാണ് ഇപ്പോൾ ഇവരുടെ ആശ്രയം. സുമനസുകളുടെ സഹായം കൊണ്ടുമാത്രമേ ഇനി ഈ മുത്തശ്ശിക്ക് കുഞ്ഞുങ്ങളെ വളർത്താൻ കഴിയൂ. കുട്ടിയുടെ ചികിത്സാച്ചെലവുകൾ കണ്ടെത്തുന്നതിനായി ശാന്തകുമാരിയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ആനൂപ്പാറ ശാഖയിൽ 078001000012542 നമ്പരായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസി.സി.കോഡ്: IOBA0000780. വിലാസം: എൽ.ശാന്തകുമാരി, രജീഷ്ഭവൻ, ഊരുപൊയ്ക.പി.ഒ, മുദാക്കൽ, പിൻ: 695103 ഫോൺ: 9544276252.