car

തിരുവനന്തപുരം:നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് ചവിട്ടിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിൽ പോയ ഡിവൈ.എസ്.പി ഹരികുമാറിനെ ഒരാഴ്ച പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാനാവാതെ അന്വേഷണ സംഘം വലയുന്നു. എന്നാൽ ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്‌തു. അതേസമയം, കൊലപാതക കേസ് ഐ.ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്റ അറിയിച്ചു. കേസ് ഐ.പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന സനൽകുമാറിന്റെ ഭാര്യയുടെ ആവശ്യം പരിഗണിച്ചാണിത്.

സമ്മർദ്ദം ശക്തമായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയെങ്കിലും സമാനമായ നിരവധി കേസുകൾ അന്വേഷിച്ച് അനുഭവമുള്ള ഹരികുമാർ പൊലീസിനെ വിദഗ്ദ്ധമായി കമ്പളിപ്പിക്കുകയാണ്. എങ്ങും തങ്ങാതെ ഇയാൾ വാഹനത്തിൽ കറങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ കീഴടങ്ങുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും നടന്നില്ല. ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുള്ള ഹരികുമാറിനെ അറസ്റ്റ് ചെയ്യാനാവാത്ത നിസഹായതയിൽ പൊലീസും ഒളിച്ചു കളിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

സംഭവത്തിന് പിന്നാലെ ഹരികുമാർ അഭയം തേടിയ തൃപ്പരപ്പിലെ ലോഡ്‌ജിലെ നടത്തിപ്പുകാരൻ സതീഷ് (38), അവിടെനിന്ന് രക്ഷപ്പെടാൻ കാർ എത്തിച്ച, ഹരികുമാറിനൊപ്പമുള്ള സ്വർണ വ്യാപാരിയും സുഹൃത്തുമായ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ (22) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സതീഷിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനൂപ് കൃഷ്ണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരികുമാറിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഡിവൈ.എസ്.പിയും ബിനുവും രണ്ടാം ദിവസം രാവിലെ ഏഴരയോടെ ബിനുവിന്റെ സുഹൃത്തായ തൃപ്പരപ്പിലെ സതീഷിന്റെ ലോഡ്‌ജിലെത്തി. രണ്ട് സിം കാർഡ് വേണമെന്നായിരുന്നു ആവശ്യം. മാദ്ധ്യമങ്ങളിൽ നിന്ന് വിവരം അറിഞ്ഞിട്ടും സതീഷ് രണ്ടു സിംകാർഡുകൾ തരപ്പെടുത്തി. ഹരികുമാറിന്റെ കാറിലാണ് ഇരുവരും എത്തിയത്. ഈ കാറും ഇന്നലെ കസ്റ്റഡിയിൽ എടുത്തു. പുതിയ സിം കാർഡ് ഉപയോഗിച്ച് ബിനുവിന്റെ മകൻ അനുപ് കൃഷ്ണയെ വിളിച്ചു വരുത്തി. തുടർന്ന് അനൂപിന്റെ അമ്മാവന്റെ കാർ സംഘടിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഡിവൈ.എസ്.പിയുടെ കാർ കല്ലറയിലെ കുടുംബ വീട്ടിൽ എത്തിച്ചത് അനുപ് കൃഷ്ണയായിരുന്നു. ഇവരെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അനൂപിന്റെ അറസ്റ്റ്. ഇന്നലെ ഉച്ചയോടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അനുപിനെ വിളിച്ചു വരുത്തിയാണ് അറസ്റ്റ്ചെയ്തത്. ശനിയാഴ്ച ഉച്ചമുതൽ രാത്രി വൈകുവോളം അനൂപിനെ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയ്ക്ക് ശേഷം പുതിയ സിംകാർഡുകൾ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

ഐ.ജി.ശ്രീജിത്ത് കേസ് ഏറ്റെടുത്തു

ഐ.ജി ശ്രീജിത്ത് ഇന്നലെ തിരുവനന്തപുരത്ത് ഇല്ലാതിരുന്നിട്ടും ഉത്തരവ് കൈപ്പറ്റി ചുമതലയേറ. ഐ.ജിയുടെ നിർദ്ദേശ പ്രകാരമാണ് എസ്.പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് കടന്നത്. ഐ.ജി.ശ്രീജിത്തിന് അന്വേഷണചുതല നൽകിയ് സ്വാഗതാർഹമാണെന്നും എന്നാൽ അന്വേഷണ സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

ബിനു കൂട്ടുപ്രതിയാകും

കൊലപാതക കേസിൽ ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം ഒളിവിൽ കഴിയുന്ന ബിനു കൂട്ടുപ്രതിയാകും. പ്രതിയെ ഒളിവിൽ താമസിപ്പിക്കാൻ സൗകര്യമൊരുക്കിയതിനാണ് ബിനുവിനെ കൂട്ടുപ്രതിയാക്കുന്നത്.