jubily-navaprabha

തിരുവനന്തപുരം:മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ കേരള സർവകലാശാല സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു.തന്നെയും ഭർത്താവ് ജി.സുധാകരനെയും അപമാനിക്കാൻ സർവകലാശാലയ്‌ക്ക് അകത്തും പുറത്തും ഒരു ചെറുസംഘം പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ജൂബിലി നവപ്രഭ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.രാജിക്കത്ത് വൈസ്ചാൻസലർക്കും രജിസ്ട്രാർക്കും മെയിൽ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

തന്നെ കരുവാക്കി ഭർത്താവിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ടുപോകാനും താത്പര്യമില്ല.ഗൂഢലക്ഷ്യമുള്ള ആരോപണങ്ങൾ താൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. തന്റെ തസ്തിക ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താൻ പോകുന്നതായാണ് പ്രചരിപ്പിക്കുന്നത്. ഇത് താൻ മനസാ വാചാ അറിഞ്ഞിട്ടില്ല. സർവകലാശാല അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നറിയില്ല. എടുത്തെങ്കിൽ തെറ്റാണ്.ഒരു വർഷത്തേക്കാണ് തന്റെ നിയമനം.കാലാവധി കഴിയാതെ മറ്റൊരു തീരുമാനമെടുക്കാനാവില്ല.

സർവകലാശാലയുടെ നടപടിക്രമങ്ങൾ സുതാര്യമാണെന്ന വിശ്വാസത്തിലാണ് ഡോംടെക്ക് (ഡയറക്ടറേറ്റ് ഒഫ് മാനേജ്മെന്റ് , ടെക്നോളജി ആൻഡ് ടീച്ചർ എഡ്യുക്കേഷൻ) ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ 20 ൽ 15 മാർക്കാണ് തനിക്ക് കിട്ടിയത്. മറ്റ് മൂന്ന് പേർക്കും ഇതേ മാർക്ക് ലഭിച്ചു. അക്കാഡമിക് വെയിറ്റേജ് പരിഗണിച്ചാണ് തന്നെ നിയമിച്ചത്. വിരമിച്ചവരെ മാത്രമേ പരിഗണിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. മറ്റുള്ളവർക്ക് അർഹതപ്പെട്ടതൊന്നും താൻ തട്ടിയെടുത്തിട്ടില്ല.ആലപ്പുഴ എസ്.ഡി.കോളേജിൽ വകുപ്പ് മേധാവിയായും വൈസ് പ്രിൻസിപ്പൽ പദവിയിലുമാണ് താൻ വരിമിച്ചത്. പിന്നീട് പല അവസരങ്ങളും ലഭിച്ചതാണ്. ഭർത്താവിന് താത്പര്യമില്ലാതിരുന്നിട്ടും സർവകലാശാലയുടെ ഒരു സ്ഥാപനമെന്ന നിലയ്ക്കാണ് അപേക്ഷിച്ചത്. ഒരു മന്ത്രിയുടെ ഭാര്യയായിപ്പോയി എന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം. അര നൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു ആക്ഷേപവും കേൾക്കാത്ത വ്യക്തിയാണ് ജി.സുധാകരൻ. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതല ഭാര്യയെന്ന നിലയിൽ തനിക്കുണ്ട്. അതുകൊണ്ട് ജോലി ഞാൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. ഭർത്താവാണ് എനിക്ക് വലുത്. ആരോപണം ഉന്നയിച്ചവർക്കെതിരെ കേസിനും വഴക്കിനുമൊന്നും പോകാൻ താത്പര്യമില്ലാത്തിനാലാണ് രാജിവയ്ക്കുന്നത്.തന്റെ സമ്മതമില്ലാതെ ഡയറക്ടർ തസ്തിക സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കാനോ ആലോചിച്ചിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദികളെന്ന് മാദ്ധ്യമങ്ങൾ ജനങ്ങളെ അറിയിക്കണം

തന്നെ നിയമിച്ചപ്പോഴും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ചൂടുപിടിപ്പിക്കാൻ ചിലർ ആരോപണം ഉന്നയിച്ചിരുന്നു. ജി.സുധാകരന്റെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസോ, ബി.ജെ.പിയോ അന്ന് തെറ്റായ ഒരു നിലപാടും എടുത്തില്ല.ആരും ഏറ്റുപിടിക്കാനില്ലാതെ സ്വയം കെട്ടടങ്ങുകയായിരുന്നു ആരോപണം.

പറയാൻ പറ്റാത്ത പലതും സർവകലാശാലയിൽ നടക്കുന്നുണ്ട്.സ്ത്രീജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അവരുടെ പരാതികൾ രജിസ്ട്രാർക്ക് നൽകിയിട്ടുണ്ടെന്നും ജൂബിലി നവപ്രഭ പറഞ്ഞു.