കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്ത് പുതുതായി പണികഴിപ്പിച്ച മേൽപ്പാല സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ മാർത്താണ്ഡം പൊലീസ് സ്റ്റേഷൻ മുന്നിൽ പ്രതിഷേധിച്ചു. പുതുതായി പണികഴിപ്പിച്ച മേൽപ്പാലം കാൽനടയായി സന്ദർശിക്കാൻ ശനിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെ പൊതുജനങ്ങളെ അനുവദിച്ചിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് അവിടെ എത്തിയ ബി.ജെ.പി നേതാവായ ധർമ്മരാജ് പാലത്തിൽ കയറാൻ ശ്രമിക്കവേ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അനുവദിച്ച സമയം കഴിഞ്ഞതായി അറിയിക്കുകയും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഇന്നലെ നേതാവിനെ മർദ്ദിച്ചതായി ആരോപിച്ച് നൂറോളം ബി.ജെ.പി പ്രവർത്തകർ മാർത്താണ്ഡം പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് അവിടെ എത്തിയ ഡിവൈ.എസ്.പി സംഭവം അന്വേഷിച്ച് രണ്ടുദിവസത്തിനുള്ളിൽ നടപടിയെടുക്കാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.