chitti

വിതുര: തദ്ദേശവാസികൾക്കും ടൂറിസ്റ്റുകൾക്കും വിസ്മയക്കാഴ്ച സമ്മാനിക്കുന്ന തൊളിക്കോട് പഞ്ചായത്തിലെ ചീറ്റിപ്പാറയിലേയ്ക്ക് സന്ദർശക പ്രവാഹം.രണ്ട് ദിവസങ്ങളിലായി ആയിരങ്ങളാണ് ചീറ്റിപ്പാറയുടെ സൗന്ദര്യം നുകരാനെത്തിയത്.സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചീറ്റിപ്പാറയുടെ പ്രകൃതിമനോഹാരിത ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് വാട്സ് ആപ്പിലും, ഫെയ്സ്ബുക്കിലും സന്ദേശം പ്രചരിച്ചതോടെയാണ് ഇവിടേയ്ക്ക് ജനപ്രവാഹമുണ്ടായത്. രണ്ട് വർഷം മുൻപ് ഒരു മഴക്കാലത്ത്ചീറ്റിപ്പാറയുടെ ഒരു ഭാഗം ഇളകി തെറിച്ചു. പാറകൾ ഉരുണ്ട് താഴേയ്ക്ക് പതിച്ചെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.നാട്ടുകാർ ഭീതിയിലായെതിനെ തുടർന്ന് പാറയുടെ അടിവശത്ത് താമസിച്ചിരുന്ന നൂറോളം കുടുംബങ്ങളെ അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. മാത്രമല്ലനാട്ടുകാരുടെ പരാതിയെ തുടർന്ന് ചീറ്റിപ്പാറ പൊട്ടിച്ചുമാറ്റാനും സർക്കാർ തീരുമാനമെടുത്തിരുന്നു.പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ചീറ്റിപ്പാറ ഇന്നും തലയെടുപ്പോടുകൂടി നിൽക്കുകയാണ്.

ടൂറിസം കേന്ദ്രമാക്കണം

ചീറ്റിപ്പാറയിൽ ഇക്കോടൂറിസം വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കണമെന്നാണ് തൊളിക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം. ഇതു സംബന്ധിച്ച് പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചതായി തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് അറിയിച്ചു.ടൂറിസം വികസനപ്രവർത്തനങ്ങൾക്ക് അനന്തസാദ്ധ്യതകളുള്ള ചീറ്റിപ്പാറയിൽ റോപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വേണമെന്നാണ് നിവേദനത്തിൽ പറയുന്നത്.

 അപകടം അടുത്ത്

ചീറ്റിപ്പാറക്ക് മുകളിൽ സ്ഥലം വളരെ കുറവാണ്.കൂടുതൽ പേർക്ക് ഒരേസമയം ഇവിടെ നിൽക്കാനാകില്ല. പാറയിലേയ്ക്ക് കയറാനുള്ള വഴിയും സുരക്ഷിതമല്ല.മുൻപ് രണ്ട് പേർ പാറയുടെ മുകളിൽ നിന്നും വീണ് മരിച്ചിട്ടുണ്ട്.കാൽവഴുതിയാൽ അഗാധമായ കൊക്കയിലേക്ക് വീഴും.പാറയ്ക്ക് മുകളിൽ കയറി നിന്ന് സെൽഫി എടുക്കുന്നത് അപകടം സൃഷ്ടിക്കും.ഇപ്പോൾ ശക്തമായ കാറ്റും,മൂടൽമഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്നുണ്ട്.

തീർത്ഥാടനകേന്ദ്രം,ടൂറിസംപദ്ധതി വേണ്ട,ആദിവാസികൾ

ചീറ്റിപ്പാറയെ ടൂറിസം കേന്ദ്രമാക്കുവാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്ന് ആദിവാസി സംഘടനാ നേതാക്കൾ അറിയിച്ചു.പാറയോട് ചേർന്ന് 75 വർഷമായി പ്രവർത്തിക്കുന്ന ക്ഷേത്രമുണ്ട്.ടൂറിസം ഏർപ്പെടുത്തിയാൽ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും.

മാത്രമല്ല ടൂറിസത്തിന്റെ മറവിൽ സാമൂഹികവിരുദ്ധപ്രവർത്തനങ്ങളും അരങ്ങേറും. തീർത്ഥാടനകേന്ദ്രത്തെ ടൂറിസം കേന്ദ്രമാക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ആദിവാസിമാഹാസഭാ പ്രസിഡന്റ് മോഹനൻത്രിവേണിയും,ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡന്റ് കെ.രഘുവും അറിയിച്ചു.