തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഡിവൈ.എസ്.പി ബി. ഹരികുമാർ യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സനൽകുമാറിന്റെ ഭാര്യ വിജി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛൻ വർഗീസിനും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി സംയുക്ത ഹർജി നൽകുന്നത്.
ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്ത പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഹർജി നൽകുന്നതെന്ന് വിജി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. പൊലീസിലെ ഉന്നതർ ഹരികുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെ മടങ്ങിയെന്നും വിജി പറഞ്ഞു.
ബുധനാഴ്ച വരെ ഡിവൈ.എസ്.പിയെ പിടികൂടിയില്ലെങ്കിൽ വ്യാഴാഴ്ച സെക്രട്ടേറിയറ്റ് പടിക്കലും തുടർന്ന് അനിശ്ചിതകാലത്തേക്ക് കൊടങ്ങാവിളയിലും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരഹാര സമരം നടത്തുമെന്ന് വിജിയും സനലിന്റെ സഹോദരി സജിതയും പറഞ്ഞു.