തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി തലസ്ഥാനത്ത് ചൊവ്വാഴ്ച വി ദ പീപ്പിൾ സംഗമം അരങ്ങേറും. രാവിലെ 10.30 മുതൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പതിനായിരണക്കിന് പേർ പങ്കെടുക്കുമെന്ന് സാമൂഹ്യ പ്രവർത്തകനായ മൈത്രേയൻ, വി.എസ്.ശ്യാംലാൽ, ഡോ.അജിത്ത്, ഇന്ദു അഭയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊടിയുടെ നിറം നോക്കിയുള്ള പരിപാടിയല്ല ഇതെന്നും ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്നും രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും സംരക്ഷിച്ചു നിറുത്താനും സാമൂഹ്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് ഈ സംഗമമെന്നും അവർ വ്യക്തമാക്കി.
ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി മജന്ത നിറത്തിലുള്ള ബലൂണുകൾ കൈയിൽ ബന്ധിച്ച് ആകാശത്തേക്ക് ഉയർത്തിപ്പിടിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. ഊരാളി ബാൻഡിന്റെ സംഗീത പരിപാടിയുടെ അകമ്പടിയോടെ ഒരു ദിവസം നീളുന്ന പരിപാടിയിൽ ഗ്രാവിറ്റി ബാൻഡ്, ആപ്‌റ്റ് തിയേറ്ററിന്റെ നാടകം, ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, മാനവീയം ഗീതങ്ങൾ തുടങ്ങിയവ അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിക്ക് ദീപപ്രതിജ്ഞയോടെ പരിപാടികൾ സമാപിക്കും.