കല്ലമ്പലം: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ നാവായിക്കുളത്തിനുമുണ്ട് ആ അഭിമാന മുഹൂർത്തത്തിന് ഒരു സ്മാരകം. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ക്ഷേത്ര പ്രവേശനം വിളംബരം ചെയ്തപ്പോൾ തലസ്ഥാന നഗരത്തിനു പുറമെ വർക്കല താലൂക്കിലെ നാവായിക്കുളത്തും ഉണ്ടായി. എന്നാൽ ദേശീയ പാത വികസനം നടക്കുമ്പോൾ ഈ സ്മാരകം ഓർമ്മയാകുമോയെന്നാണ് നാട്ടുകാരുടെ പേടി.നാവായിക്കുളത്തെ സ്റ്റാച്യൂ സംരക്ഷണ സമിതി സ്മാരകം പുനഃസ്ഥാപിക്കുമെന്ന് പറയുന്നുണ്ട്. ക്ഷേത്ര പ്രവേശനത്തിന്റെ ഓർമ്മകൾ വരും തലമുറകൾക്ക് പകർന്നു കൊടുക്കാനായി നാവായിക്കുളത്തെ സബ് രജിസ്ട്രാർ ആയിരുന്ന കെ. കരുണാകരൻ (കോമലേഴത്തു കരുണാകരൻ ) ഒരു സ്മാരകം തീർത്തു. ഒരു വ്യക്തി സ്വന്തം ചെലവിൽ തീർത്തു എന്നതാണ് നാവായിക്കുളത്തെ സ്തൂപത്തിന്റെ പ്രത്യേകത. 1936 നും 1938 നും ഇടയ്ക്കാണ് കെ. കരുണാകരൻ നാവായിക്കുളത്ത് സബ് രജിസ്ട്രാർ ആയി ജോലി നോക്കിയിരുന്നത്. ആ കാലത്താണ് സ്‌തൂപം സ്ഥാപിച്ചത്. സ്ഥലത്തെ വിദഗ്ദ്ധരായ വേലു ആശാരി, ചിന്നു ആശാരി എന്നിവരായിരുന്നു ഇതിന്റെ ശിൽപ്പികൾ. പി . എസ് നായരായിരുന്നു ഇത് രൂപകൽപ്പന ചെയ്തത്. പത്തടി ഉയരമുള്ള ശില്പത്തിന്റെ മേൽഭാഗത്ത് ശ്രീപദ്മനാഭന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ട്. അതിനു താഴെയായി വിളംബരത്തിന്റെ ഭാഗവും. നിർമ്മാണ വേളയിൽ എല്ലാ ദിവസവും വൈകുന്നേരം ഓഫീസിൽ നിന്ന് കരുണാകരൻ സ്ഥലത്തെത്തി നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര നടയിൽ ദേശീയപാതയോടു ചേർന്ന് സ്തൂപം തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. പൊതു ജനങ്ങൾ അത്രയേറെ പരിപാവനമായ സ്മാരകമായാണ് ഇതിനെ കാണുന്നത്. 85 വയസുള്ള വള്ളിയമ്മാൾ ആണ് കഴിഞ്ഞ നാൽപ്പതു വർഷത്തിലേറെയായി എവിടെ വിളക്ക് തെളിയിച്ചിരുന്നത്. ഇപ്പോൾ വള്ളിയമ്മാൾ കിടപ്പായതോടെ ഇവരുടെ ബന്ധുക്കൾ മുറപോലെ വിളക്ക് തെളിയിക്കുന്നു. ശിൽപ്പികളായിരുന്ന വേലു ആശാരി, ചിന്നു ആശാരി എന്നിവരുടെ പിന്മുറക്കാരിയാണ് വള്ളിയമ്മാൾ. മാവേലിക്കര കോമലേഴത്തു കുടുംബാംഗം ആയിരുന്ന കെ. കരുണാകരൻ പ്രമുഖ സ്വാതന്ത്ര്യ സമര നേതാവും വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണി പോരാളിയുമായിരുന്ന ടി.കെ മാധവന്റെ അനന്തരവനുമാണ്.
തൊട്ടു കൂടായ്മയുടെ പേരിൽ ഒരു ജനത കുടിച്ചിറക്കിയ കയ്പുനീരിന്റെ കഥ രാജ ശാസനത്തിന്റെ ഓരോ വരിയും ഓർമ്മിപ്പിക്കുന്നു. ക്ഷേത്രത്തോളം പരിപാവനമായൊരു ശാസനത്തിന്റെ വരികൾക്ക് മുന്നിൽ ഇന്നും വൈകുന്നേരങ്ങളിൽ വിളക്ക് തെളിയിക്കാറുണ്ട്.
സ്മാരകം പൂർത്തിയായത്....1937 ൽ
ക്ഷേത്ര പ്രവേശന വിളംബര ദിനാനുസ്മരണ സമ്മേളനം
കല്ലമ്പലം : നാവായിക്കുളം സ്റ്റാച്യൂ സംരക്ഷണ സമിതിയുടെയും മലയാളവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്ര പ്രവേശന വിളംബര വാർഷികദിനമായ ഇന്ന് വൈകിട്ട് 5ന് അനുസ്മരണ സമ്മേളനം നടത്തും. സമ്മേളനം സാഹിത്യകാരൻ പെരിനാട് സദാനന്ദൻ ഉദ്ഘാടനം ചെയ്യും. സ്റ്റാച്യൂ സംരക്ഷണ സമിതി പ്രസിഡന്റ് എൻ.കെ പി. സുഗതൻ അദ്ധ്യക്ഷനാകും. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി ഭദ്ര ദീപം കൊളുത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് ഒരനല്ലൂർ ബാബുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കവികളെ ഉൾപ്പെടുത്തി കാവ്യസന്ധ്യ നടക്കും.