politics

പാലോട് :അഗസ്ത്യവനത്തിന്റെ ശീതളിമയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന അഗസ്ത്യമുനിയുടെ പ്രിയപ്പെട്ട വൃക്ഷം ''അകത്തി ചീര'' പൂവിട്ടുനിൽക്കുകയാണ്. അഗസ്ത്യ താഴ്‌വരയായ നന്ദിയോട് ഈ വൃക്ഷം തഴച്ചു വളരും. ഒക്ടോബർ അവസാനത്തോടെ മൊട്ടിട്ടു തുടങ്ങുന്ന അഗത്തിച്ചീര എല്ലാ വീട്ടുമുറ്റങ്ങളിലുമുണ്ട്. പൂവിന് നല്ല ഡിമാൻഡാണ്.ഒരു കിലോ ഗ്രാമിന് 150 രൂപയിലേറെ വിലയുണ്ട്.ഒരു മരത്തിൽ നിന്ന് 10,000 രൂപയിലധികം പൂവു വിറ്റ് കാശാക്കിയവർ നന്ദിയോടുണ്ട്. വാണിജ്യ സാദ്ധ്യത മനസിലാക്കിയ കൃഷിഭവൻ ജൈവ വൃക്ഷം എന്നു നാമകരണം ചെയ്ത് വിശുദ്ധ വൃക്ഷമായി പ്രഖ്യാപിച്ചു.വസ്തുവിന്റെ അതിര് നിർണയിക്കുന്ന വേലിയായും മുറ്റത്തെ ഔഷധ വൃക്ഷമായും മിക്ക വീടുകളിലും ഈ മരം നട്ടു വളർത്തുന്നു.

പൂവ് ഉദര സംബന്ധ രോഗങ്ങളെ ശമിപ്പിക്കുമെന്നും ശരീര കാന്തി കൂട്ടുമെന്നും ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.നന്ദിയോട് കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന അമ്മക്കൂട്ടം ഭക്ഷണ ഗ്രൂപ്പിലെ അംഗങ്ങളായ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജൈവഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 2016 ലാണ് അഗസ്ത്യ വൃക്ഷം വീട്ടുമുറ്റങ്ങളിൽ വ്യാപകമാകുന്ന പ്രവർത്തനങ്ങൾ കൃഷിഭവൻ നടപ്പാക്കിയത്.പുലിയൂർ സ്വദേശിയായ ഫൽഗുനൻ എന്ന കർഷകൻ രണ്ട് കി.ഗ്രാം വിത്തിൽ നിന്ന് 25,000 തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയായിരുന്നു.ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജൈവ ചന്തയിലൂടെ തൈകൾ എല്ലാ വീടുകളിലുമെത്തിക്കുകയും ചെയ്തു.സമീപ പ്രദേശങ്ങളിൽ കൂടി ''അഗത്തി ചീര'' കൃഷി ചെയ്യാനുള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് കൃഷിഭവൻ.ഈ പൂക്കാലത്ത് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു അഗസ്ത്യ ഉത്സവം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

പ്രതികരണം:

''ഈ ചീരയുടെ ഗുണം ഒന്നു വേറെയാണ്. മണ്ണിനെയും അന്തരീക്ഷത്തെയും ഒരു പോലെ പോഷിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.കാത്സ്യം ടോണിക് എന്നാണറിയപ്പെടുന്നത്''

--എസ്.ജയകുമാർ (കൃഷി ഓഫീസർ,നന്ദിയോട്)

ഒൗഷധഗുണങ്ങൾ

1.വിട്ടുമാറാത്ത പനി: ഇടക്കിടെ ഉണ്ടാകുന്ന പനി മാറാൻ ഇലപിഴിഞ്ഞ് മൂക്കിൽ ഇറ്റിച്ചാൽ മതിയാവും. സൈനസിനും ഇതിന്റെ ജ്യൂസ് ഫലപ്രദമാണ്.

2.മുലപ്പാൽ വർദ്ധിപ്പിക്കുന്നു: ഇല കറിവെച്ചു കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും. 3.ട്യൂമർ, ആർത്രൈറ്റിസ് എന്നിവയെ നിയന്ത്രിക്കുന്നു:കാൻസർ കാരികളായ മുഴകളെ തടയുന്നു. ആർത്രൈറ്റിസ് ഉളള ഭാഗത്ത്ഇലച്ചാർ പുരട്ടുന്നത് വേദനകുറയാൻ നല്ലതാണ്.

4.തലവേദന, മൈഗ്രേൻ: ഇല പിഴിഞ്ഞ് വേദന ഉളള ഭാഗത്തു പുരട്ടി ആവിപിടിച്ചാൽ തലവേദനയ്ക്കും മൈഗ്രേനും ആശ്വാസം ലഭിക്കും. നീര് നെറുകയിൽ പുരട്ടുന്നത് ശരീരത്തിൽ തണുപ്പു ലഭിക്കാൻ സഹായകമാണ്.

വിദേശത്തും ഖ്യാതി

മലേഷ്യയിൽ ഇതിന്റെ ഇലചതച്ചത് ഉളുക്കിനും ചതവിനും ഉപയോഗിക്കാറുണ്ട്. വായയും തൊണ്ടയും ശുദ്ധമാക്കാനായി ഇലച്ചാർ ഗാർഗ്ഗിൾ ചെയ്യാറുണ്ട്. ജാവയിലെ ജനങ്ങൾ വായയും തൊണ്ടയും അണുമുക്തമാക്കാൻ ഇതിന്റെ ഇല ചവയ്ക്കാറുണ്ട്. ഇതിന്റെ തൊലി പൊടിച്ച് വായിലെയും അന്നനാളത്തിലെയും അൾസറിനും ഉപയോഗിക്കുന്നു. നല്ലൊരു ആസ്ട്രിജന്റും കൂടിയാണ് ഈ ചെടി.

അധികമായാൽ

ദിവസവും കൂടിയ അളവിൽ അഗത്തിച്ചീര കഴിക്കാൻ പാടില്ല. രക്തദൂഷ്യവും വയറിനു പ്രശ്‌നങ്ങളും ഉണ്ടാകും. പാകം ചെയ്യുമ്പോൾ വെളുത്തുളളി ചേർക്കുന്നതിനു കാരണവും ഇതാണ്. ഇടവിട്ട് മിതമായ അളവിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് അഗത്തിച്ചീര. എന്നാൽ മാത്രമേ യഥാർത്ഥഗുണം ലഭിക്കൂ.