കുളത്തൂർ: ചിറയിൻകീഴ് കടകം ഡാനിയൽ ഗാർഡൻസ് ഇന്നലെ രാവിലെ മുതൽ ഉത്സവഛായയിലായിരുന്നു. നിർദ്ധനരായ നാല് കുടുംബങ്ങൾക്ക് തലചായ്ക്കാനൊരിടം നിർമ്മിച്ച് താക്കോൽദാനം നടത്തുന്ന ചടങ്ങ്. രണ്ട് കിടപ്പുമുറിയും വരാന്തയും ഹാളും അടുക്കളയും ചേർന്ന് 700 ചതുരശ്ര അടിയുള്ള ഒരേപോലുള്ള നാല് ടെറസ് വീടുകൾ; സൗജന്യമായി നാല് സെന്റ് വീതം സ്ഥലവും.
പള്ളിയിൽനിന്ന് അച്ചനെത്തിയതിനൊപ്പം പരിചയക്കാരന്റെ ബൈക്കിനു പിന്നിലിരുന്ന് ഒരാൾ വന്നിറങ്ങി. അതാണ് സൗജന്യമായി വീടുവെച്ച് നൽകുന്ന സിംസൺ ഫെർണാണ്ടസ്. മൺവിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ ഉടമ. കമ്പനിയിലെ തീപിടുത്തത്തിന് മുമ്പേ തീയതി നിശ്ചയിച്ച ചടങ്ങാണിത്. മനസ്സിൽ കനലാണെങ്കിലും ഈ ചടങ്ങ് മാറ്റാൻ സിംസണ് മനസ്സുവന്നില്ല. നാലു കുടുംബങ്ങളും താക്കോൽ ഏറ്റുവാങ്ങി.എല്ലാവരും വീടിന് മുന്നിൽ നിലവിളക്ക് കൊളുത്തിയാണ് ഗൃഹ പ്രവേശം നടത്തിയത്. ഒപ്പം പള്ളിയിലെ പുരോഹിതന്റെ പ്രാർത്ഥനയും. ഗിരീശനും, മിനിയും ലാലുവും ലീനാ സ്റ്റാലിനുമാണ് പുതിയ വീടുകളുടെ അവകാശികൾ. സിംസൺ അഞ്ച് വർഷത്തിനിടെ എട്ട് വീടുകളാണ് പാവങ്ങൾക്ക് നൽകിയത്. ഇവരിൽ രണ്ട് കമ്പനി ജീവനക്കാരുമുണ്ടായിരുന്നു. ഭർത്താവ് മരിച്ചതോടെ ജീവിതം വഴിമുട്ടിയ ജസീന്തയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് തുണയായി വീടും സ്ഥലവും നിർമ്മിച്ചുനൽകിയാണ് സിംസൺ കാരുണ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
പഞ്ഞമാസത്തിൽ ആയിരത്തിലേറെ കുടുംബങ്ങൾക്ക് അത്താണി
എല്ലാവർഷവും പഞ്ഞമാസമായ കന്നിയിൽ ആയിരത്തിലേറെ കുടുംബങ്ങൾക്ക് അഞ്ച് കിലോ വീതം അരി സൗജന്യമായി നൽകുന്ന പതിവ് 31 വർഷമായി സിംസന്റെ കുടുംബ വീടിന് മുന്നിൽ തുടരുന്നുണ്ട് . ഈ വർഷം രണ്ടായിരത്തി അഞ്ഞൂറുപേർക്കാണ് വിതരണം ചെയ്തത്.