തിരുവനന്തപുരം: സംസ്ഥാനത്ത് ആട്ടോ റിക്ഷ, ടാക്സി ചാർജുകൾ വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങി. ആട്ടോറിക്ഷാ മിനിമം ചാർജ് 20ൽ നിന്നു 30 ആക്കണമെന്നും ടാക്സിയുടേത് 150ൽ നിന്നു 200 ആക്കണമെന്നും കാണിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് പരിഗണിക്കുമെന്നാണറിയുന്നത്.
കിലോമീറ്റർ ചാർജ് ആട്ടോയ്ക്ക് 12 രൂപയായും ടാക്സിക്ക് 15 രൂപയായും നിശ്ചിയിക്കണമെന്നും ശുപാർശയുണ്ട്.
ഇതിനിടെ നിരക്കുകൾ കൂട്ടണമെന്നാവശ്യപ്പെട്ട് ആട്ടോ ടാക്സി തൊഴിലാളികൾ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ കോ- ഓർഡിനേഷൻ കമ്മിറ്റിയോഗം തീരുമാനിച്ചു.
2014 ഒക്ടോബർ ഒന്നിനാണ് ഏറ്റവും ഒടുവിൽ ആട്ടോ- ടാക്സി നിരക്കുകൾ വർദ്ധപ്പിച്ചത്. മിനിമം നിരക്ക് യഥാക്രമം 15ൽ നിന്നും 20 ആയും 100ൽ നിന്നും 150 രൂപയും ഉയർത്തുകയായിരുന്നു.
ജനത്തിന് താങ്ങാവുന്ന വർദ്ധന ഉണ്ടാകുമെന്ന് മന്ത്രി
ആട്ടോ-ടാക്സി നിരക്ക് വർദ്ധനയുണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നിരക്ക് വർദ്ധിപ്പിക്കാനുള്ള ശുപാർശ അടങ്ങിയ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് കിട്ടി. എന്നാൽ ജനങ്ങൾക്ക് താങ്ങാനാവുന്ന വർദ്ധനയേ ഉണ്ടാകൂ.
ആട്ടോ ടാക്സി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് ചാർജ് വർദ്ധനയെ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.