c

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവരുൾപ്പടെയുള്ള ബൈക്ക് മോഷണ സംഘത്തെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. പൾസർ ബൈക്കുകളാണ് ഇവർ കൂടുതലായി മോഷ്ടിച്ചത്. മെഡി. കോളേജിന്റെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ മോഷണം പോകുന്നതിനാൽ അന്വേഷണസംഘം രൂപീകരിച്ച് 24 മണിക്കൂറും മഫ്‌തി പട്രോളിംഗ് ഏർപ്പെടുത്തിയാണ് ഇവരെ പിടികൂടിയത്. കൊല്ലം കൊട്ടാരക്കര പൊട്ടിക്കവല കണ്ണംകോട് പനവേലി വിജിൻ ഭവനിൽ അനന്തുലാൽ( 18), കൊല്ലം പത്തനാപുരം തലവൂർ പറങ്കമാംമൂട് ഹാരിസ് വില്ലയിൽ ഹാരിസ്(18), കൊല്ലം കൊട്ടാരക്കര മേലില ചേത്തടി വാർഡിൽ ചെണ്ടമനാട് ക്രിസ്റ്റിൻ ഭവനിൽ ക്രിസ്റ്റിൻ കുഞ്ചാക്കോ(19), കൊല്ലം കൊട്ടാരക്കര വെട്ടിക്കവല നിരപ്പിൽ ഈട്ടിവിള പന്നപ്ലാവൻ തെക്കേക്കര പുത്തൻ വീട്ടിൽ ജസ്റ്റിൻ ജോയി എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപം ബൈക്കിന്റെ കേബിൾ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുന്നതിനിടെയാണ് ഇവരെ മെഡി. കോളേജ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. പ്രായപൂർത്തിയാകാത്ത സംഘാംഗങ്ങളെ ഉപയോഗിച്ച് ബൈക്ക് കടത്തി കൊട്ടാരക്കര, വാളകം ഭാഗങ്ങളിലെത്തിച്ച് ചെറിയ തുക നൽകി നമ്പർ പ്ലേറ്റ് മാറ്റി ബാംഗ്ലൂരുൾപ്പടെയുള്ള സ്ഥലങ്ങളിൽ വാഹനക്കച്ചവടം നടത്തി വരുകയായിരുന്നു സംഘം. ഇവരിൽ നിന്ന് അഞ്ചോളം വാഹനങ്ങൾ പിടിച്ചെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ഡി.സി.പി ആദിത്യ എന്നിവരുടെ നിർദ്ദേശാനുസരണം സൈബർസിറ്റി എ.സി.പി അനിൽകുമാർ, മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്‌പെക്ടർ സി. ബിനുകുമാ‌ർ എന്നിവരുട മേൽനോട്ടത്തിൽ എസ്.ഐമാരായ ഹരിലാൽ, സാബു, സതീഷ് ശേഖർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.